ന്യൂഡൽഹി: ഡൽഹി ഛത്തർപൂരിൽ അജ്ഞാതർ ജലബോർഡ് ഓഫീസ് അടിച്ചുതകർത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയവരാണ് ഓഫിസ് തകർത്തത്. ഓഫീസ് തകർത്തത് ബിജെപിയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
അതേസമയം ഡൽഹിയില്‍ ജലക്ഷാമം സൃഷ്ട്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് ജല വകുപ്പ് മന്ത്രി അതിഷി മര്‍ലേന ആരോപിച്ചു. ഹരിയാന സര്‍ക്കാര്‍ ആവശ്യമായ വെളളം വിട്ടുനല്‍കുന്നില്ല. പെപ്പ് ലൈനുകളിലെ ബോള്‍ട്ടുകള്‍ മുറിച്ച് നീക്കി ജലക്ഷാമം സൃഷ്ട്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
കനത്ത ചൂടിനൊപ്പം ജലക്ഷാമവും രൂക്ഷമായതോടെ രാജ്യതലസ്ഥാനം വീര്‍പ്പുമുട്ടലിലും ദുരിതത്തിലുമാണ്. ദാഹമകറ്റാന്‍ പൊതുയിടങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎമ്മുകള്‍ വറ്റിവരണ്ടു. മണിക്കൂറോളം ടാങ്കര്‍ ലോറികളെ കാത്തിരിക്കുന്ന ഡൽഹി നിവാസികള്‍ തെരുവില്‍ വെളളത്തിനായി തമ്മിലടിക്കുകയാണ്. ഉഷ്ണ തരംഗം ഉണ്ടാകും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും ഡൽഹി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ബിജെപി എംപി ബാന്‍സുരി സ്വരാജ് വിമര്‍ശിച്ചു.