ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര നിയമ വകുപ്പ് (സ്വതന്ത്ര ചുമതല ) സഹമന്ത്രി അർജുൻ റാം മേഘ്വാൾ. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി.), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് ഇവ നിലവില്‍ വരുന്നത്.
ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ മാറുകയാണ്. കൂടിയാലോചനകള്‍ക്കുശേഷം, നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട പരിശീലന സൗകര്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ബ്യുറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് (ബിപിആർഡി) ഇതിനായുള്ള പരിശീലനങ്ങൾ നൽകും. കൂടാതെ ജുഡീഷ്യൽ അക്കാദമികളും ദേശീയ നിയമ സർവകലാശാലകളും ആവശ്യമായ പരിശീലനങ്ങൾ നൽകുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും രാജ്യത്തിനും എതിരായ കുറ്റകൃത്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതാണ് പുതിയ ക്രിമിനൽ നിയമങ്ങൾ. കൊളോണിയൽ കാലഘട്ടം മുതൽ നിലനിന്നിരുന്ന ഇന്ത്യയുടെ ക്രിമിനൽ നിയമങ്ങൾക്കാണ് ഇതോടെ മാറ്റം വന്നിരിക്കുന്നത്.
2023 ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളായിരുന്നു സഭകള്‍ പാസാക്കിയത്. ഡിസംബര്‍ അവസാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി മാറി.