പറഞ്ഞു തീരാത്ത വിശേഷങ്ങളും കണ്ടു തീരാത്ത കാഴ്ചകളും എത്രയറിഞ്ഞാലും മതിവരാത്ത രുചികളുമുള്ള നഗരം ഹൈദരാബാദ് . തിളക്കം മങ്ങാത്ത ഒരുപാടു മുത്തുകൾ കോർത്തെടുത്ത മാല പോലെയൊരു നഗരം . നൈസാമിന്റെ ഹൈദരാബാദ്. മുത്തുകളുടെ നഗരം.വിലപിടിപ്പുള്ള നിരവധി രത്നങ്ങൾ കുഴിച്ചെടുത്തിരുന്ന സ്ഥലമായിരുന്നു ഹൈദരബാദിന് സമീപത്തുള്ള ഗോൽകോണ്ട. ഇടയന്മാരുടെ കുന്ന് എന്നാണ് ഗോൽകോണ്ടയുടെ അർത്ഥം. ഹൈദരാബാദിലെ ഏറ്റവും വലിയ വിസ്മയമേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഗോൽക്കോണ്ട കോട്ട. നഗരത്തിൽ നിന്ന് പതിനൊന്നു കിലോമീറ്റർ മാറി നിലകൊള്ളുന്ന ഈ കോട്ട ഒരു കാലത്ത് ഖുത്തുബ് ഷാഹി രാജകുടുംബത്തിന്റെ ഭരണസിരാ കേന്ദ്രമായിരുന്നു. ഹൈദരബാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ഗോൽക്കോണ്ട കോട്ട സ്ഥിതി ചെയ്യുന്നത്.
ഹൈദരബാദിലെ പ്രശസ്തമായ ഹുസൈൻ സാഗർ തടാകത്തിൽ നിന്ന് 9 കിലോമീറ്റർ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 4.8 കിലോമീറ്റർ നീളമുണ്ട് ഈ നെടുങ്കൻ കോട്ടയ്ക്ക്. പല കാലങ്ങളിലായി നിർമിക്കപ്പെട്ട കോട്ട അവസാനം നടന്ന യുദ്ധങ്ങളിൽ തകർന്നു. എ ങ്കിലും പ്രൗഡി മങ്ങാത്ത കാഴ്ചകൾ ഇപ്പോഴും ഇവിടെയുണ്ട്. മന്ത്രിമാരുടെ ഓഫിസ്, രത്നങ്ങൾ സൂക്ഷിച്ചിരുന്ന മുറികൾ, കുന്നിൻ മുകളിലെ പ്രധാന കെട്ടിടം, ക്ഷേത്രം, മസ്ജിദ് തുടങ്ങി കഴിഞ്ഞ കാലത്തിലേക്കു വെളിച്ചം വീശുന്ന ചരിത്രശേഷിപ്പുകൾ കാണാം . അസ്‌ല ഖന എന്ന് അറിയപ്പെടുന്ന ആയുധപ്പുര, നാഗിനബാഗ് എന്ന് അറിയപ്പെടുന്ന പൂന്തോട്ടം, ഹബ്‌ഷി കമാൻസ് എന്ന് അറിയപ്പെടുന്ന കമാനങ്ങൾ, താരമതി മോസ്ക്, രാംദാസ് ജയിൽ, ഡർബാർ ഹാൾ, ക്ഷേത്രം തുടങ്ങിയ ഈ കോട്ടയുടെ ഉൾവശത്തുണ്ട്.
മങ്കൽ എന്നാണത്രെ ഈ കോട്ടയുടെ യഥാർത്ഥ പേര്. ഹൈദരബാദിന് സമീപത്തുള്ള മൊട്ടക്കുന്നിൽ 1143ൽ മണ്ണുകൊണ്ടായിരുന്നു ആദ്യത്തെ കോട്ട നിർമിച്ചത്.കൃത്യത ഇല്ലാത്ത 380 ഓളം സ്റ്റെപ്പുകൾ കയറി വേണം ഈ കോട്ടയുടെ മുകളിലേക്ക് കയറാൻ ശബ്ദസംവിധാനമാണ് ഈ കോട്ടയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്. താഴെ കവാടത്തിൽ നിന്നു കൈ കൊട്ടിയാ ൽ അങ്ങ് മുകളിൽ വരെ പ്രതിധ്വനി കേൾക്കാം. വാറംഗൽ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന കാക്കാത്തിയ രാജക്കന്മാരാണ് 400 അടി ഉയരമുള്ള കരിങ്കൽ കോട്ട ആദ്യം നിർമ്മിച്ചത്. തുടർന്ന് ബഹാമനിസ്, ഖുത്തബ് ഷാഹി, ഔറഗസീബ് എന്നിവർ ഈ കോട്ട കീഴടക്കി.ഖുത്തബ് ഷാഹിയാണ് ഈ കോട്ട വിപുലീകരിച്ച് മുന്ന് തട്ടുകളിലായി ചുറ്റുമതിൽ നിർമ്മിച്ചത്. 8 വലിയ ഗേറ്റുകൾ ഉള്ളതാണ് ചുറ്റുമതിൽ. ഡെക്കാൻ പീഠഭൂമിയിലെ വിസ്മയ കോട്ടകളിൽ ഒന്നാണ് ഇത്.വിശാലമായ കോട്ടയുടെ നടവഴികളും മുകളി ൽ നിന്നുള്ള നഗരക്കാഴ്ചയുമെല്ലാം ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഹൈദരാബാദ് അനുഭവങ്ങളാണ്.