കൊല്ലം: വെളിനല്ലൂരിൽ അമിതമായി പൊറോട്ട തിന്ന അഞ്ച് പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കളാണ് ചത്തത്. തീറ്റയിൽ പൊറോട്ടയ്ക്കൊപ്പം അമിതമായി ചക്കയും നൽകിയിരുന്നു. ഫാമിലെ ഒമ്പത് പശുക്കൾ ഇപ്പോൾ രോഗാവസ്ഥയിൽ ചികിത്സയിലാണ്.
പൊറോട്ടയും ചക്കയും തീറ്റയിൽ അമിതമായി ചേർത്തതുമൂലം വയര്‍ കമ്പിച്ചാണ് പശുക്കള്‍ ചത്തതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
തീറ്റ നൽകുന്നതിൽ കർഷകർക്ക് അവബോധം നൽകുമെന്ന് ഫാം സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാരായ ജി മനോജ്, കെ മാലിനി, എം ജെ സേതുലക്ഷ്മി എന്നിവരടക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എത്തിയാണ് ചത്ത പശുക്കളുടെ പോസ്റ്റമോർട്ടം നടത്തിയതും അവശനിലയിലായ പശുക്കളെ ചികിത്സിച്ചതും.