കൊച്ചി: സേലം – കൊച്ചി ദേശീയപാതയിൽ മലയാളികൾ സഞ്ചരിച്ച കാർ അടിച്ച് തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസിൽ സൈനികന് അടക്കം നാല് പേര് അറസ്റ്റില്. പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റിൽ സൈനികനാണെന്ന് പോലീസ് പറഞ്ഞു
കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സൈനികനായ വിഷ്ണു ഏപ്രിൽ നാലിനാണ് അവധിക്ക് വന്നത്. തുടർന്ന് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാൾസ് റജിയും രണ്ട് സഹപ്രവർത്തകരും ആക്രമണത്തിനിരയായത്. കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആന്റ് ടി ബൈപ്പാസിനുസമീപത്താണ് ആക്രമണമുണ്ടായത്. ബംഗളൂരുവിൽ നിന്ന് കമ്പ്യൂട്ടറുകൾ വാങ്ങിയതിനുശേഷം മടങ്ങുകയായിരുന്നു യുവാക്കൾ. റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.
അക്രമികൾ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യുവാക്കൾ പറയുന്നു. തുടർന്ന് ചെക്ക് പോസ്റ്റിലും മധുക്കര പൊലീസ് സ്റ്രേഷനിലുമെത്തി പരാതി നൽകുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾ കവർച്ചക്കുപയോഗിച്ച രണ്ട് കാറുകളും പിടിച്ചെടുത്തു.