ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനാണെന്ന് പറഞ്ഞതില്‍ തന്നെ അഭിനന്ദിച്ച ശോഭാ സുരേന്ദ്രന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്റ പരിഹാസം. താന്‍ മോദി ശക്തനാണെന്ന് പറഞ്ഞത് ഏകാധിപതി എന്ന നിലയിലാണ്. അതിനാണ് ശോഭാ സുരേന്ദ്രന്‍ തന്നെ അനുമോദിച്ചതെന്നും ജി സുധാകരന്‍ പരിഹസിച്ചു.
“മോദി ശക്തനായ ഭരണാധികാരിയെന്നാണ് ഞാൻ പറഞ്ഞത്. അതിനെ മോദിയെ പുകഴ്ത്തിയെന്നാക്കി. നല്ല ഭരണാധികാരിയെന്ന് പറഞ്ഞിട്ടില്ല. വലതുപക്ഷ ഭരണാധികാരിയെന്നും പറഞ്ഞു. കള്ളം പറയുന്ന പത്രപ്രവർത്തകർ ഈ പണിക്ക് കൊള്ളില്ല. ഭാഷ ഉപയോഗിക്കാൻ ഈ പത്രക്കാർക്ക് അറിയില്ല. ഫോർത്ത് എസ്റ്റേറ്റല്ല, റിയൽ എസ്റ്റേറ്റും റബ്ബർ എസ്റ്റേറ്റിലുമാണ് നിങ്ങളുടെ കണ്ണ്”-സുധാകരൻ മാദ്ധ്യമ പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി.
ആലപ്പുഴയില്‍ തനിക്ക് സംരക്ഷണം കിട്ടുമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. ആലപ്പുഴയില്‍ അവര്‍ വന്നു തുടങ്ങിയതേയുള്ളൂ, അപ്പോഴേക്കും സംരക്ഷണം ഒരുക്കി. ‘അഹങ്കാരമേ’ നിന്റെ പേരാണോ ശോഭാ സുരേന്ദ്രന്‍’ എന്ന പരിഹസിച്ച ജി സുധാകരന്‍ അഹങ്കാരം അധപതനത്തിന്റെ മുന്നോടിയാണെന്ന് ശോഭ മനസിലാക്കണമെന്നും തുറന്നടിച്ചു. കുറെ വോട്ടുകള്‍ പിടിച്ചത് സമ്മതിച്ചു, പക്ഷേ അതിന്റെ അഹങ്കാരം വേണ്ടെന്നും സുധാകരന്‍ മറുപടി നല്‍കി.