ന്യൂഡൽഹി: ഇവിഎം പ്രവർത്തിപ്പിക്കാൻ ഒടിപി ആവശ്യമില്ലെന്നും ഒരിക്കലും ഹാക്ക് ചെയ്യാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
മുംബൈ നോർത്ത് വെസ്റ്റ് സീറ്റിലെ എൻഡിഎ സ്ഥാനാർഥി രവീന്ദ്ര വയ്ക്കറുടെ ബന്ധു ഇവിഎം അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന ഫോണ്‍ ഉപയോഗിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു. മണ്ഡലത്തിലെ ശിവസേന ഏക്നാഥ് ഷിന്‍ഡെ പക്ഷം സ്ഥാനാർഥി 48 വോട്ടുകൾക്കാണ് വിജയിച്ചത്.
വയ്ക്കറിന്റെ ബന്ധുവായ മങ്കേഷ് പണ്ടില്‍ക്കർ ഇവിഎം അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫോണ്‍ ഉപയോഗിച്ചുവെന്നായിരുന്നു റിപ്പോർട്ട്. സംഭവത്തിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെ വോട്ടെണ്ണൽ യന്ത്രങ്ങൾ ആരെയും പരിശോധിക്കാൻ അനുവദിക്കാത്ത ബ്ലാക്ക് ബോക്സുകളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തിനെതിരെ ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കും രംഗത്തെത്തിയിരുന്നു.
എന്നാല്‍, മസ്കിന്റേത് സാമാന്യവല്‍ക്കരണമാണെന്നും ഇന്ത്യന്‍ ഇ.വി.എമ്മുകള്‍ സുരക്ഷിതമാണെന്നും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവമായ രാജീവ് ചന്ദ്രശേഖരനും വാദിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇലോണ്‍ മസ്ക്, ഇവിഎമ്മുകളില്‍ മനുഷ്യരായി സാങ്കേതിക വിദ്യയാലോ അട്ടിമറി നടത്താന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ അവയുടെ ഉപയോഗം നിര്‍ത്തണമെന്നും സമൂഹമാധ്യമമായ എക്സിലുടെ പ്രതികരിച്ചത്. ഇലോണ്‍ മസ്കിന്റേത് പൊതു സാങ്കേതികവല്ക്കരണമാണെന്നും ഇന്ത്യയിലെ ഇവിഎമ്മുകളില്‍ അട്ടിമറി സാധ്യമല്ലെന്നും ഇലോണ്‍ മസ്കിന് ടൂട്ടോറിയല്‍ നല്കാന് തയ്യാറെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.