ഹാംബര്‍ഗ്: പകരക്കാരനായി ഇറങ്ങി വുട്ട് വെഗോര്‍സ്റ്റ് നേടിയ ഗോളില്‍ പോളണ്ടിനെ കീഴടക്കി നെതര്‍ലന്‍ഡ്‌സ്. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഡച്ച് ടീമിന്റെ ജയം. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് നെതര്‍ലന്‍ഡ്‌സ് ജയവുമായി മടങ്ങിയത്.
16-ാം മിനിറ്റില്‍ ആദം ബുക്ക്‌സയിലൂടെ പോളണ്ടാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 29-ാം മിനിറ്റില്‍ കോഡി ഗാക്‌പോ നേടിയ ഗോളില്‍ ഒപ്പമെത്തിയ നെതര്‍ലന്‍ഡ്‌സ് 81-ാം മിനിറ്റില്‍ പകരക്കാരനായെത്തി 83-ാം മിനിറ്റില്‍ വലകുലുക്കിയ വെഗോര്‍സ്റ്റിലൂടെ ജയം സ്വന്തമാക്കുകയായിരുന്നു.
കളിയുടെ തുടക്കത്തില്‍ ഒട്ടേറെ അവസരങ്ങള്‍ ഒരുക്കിയെടുത്തത് നെതര്‍ലന്‍ഡ്സായിരുന്നു.എന്നാല്‍ കളിയുടെ ഗതിക്ക് എതിരായി പതിനാറാം മിനിറ്റില്‍ സെലെന്‍സ്കിയുടെ ഇന്‍സ്വിഗിംഗ് കോര്‍ണറില്‍ നിന്ന് ആദം ബുക്സ പോളണ്ടിനെ മുന്നിലെത്തിച്ചപ്പോള്‍ നെതര്‍ലന്‍ഡ്സ് ഞെട്ടി. ഗോളടിച്ചതിന്‍റെ ആവേശത്തില്‍ പിന്നീട് ആക്രമിച്ചു കളിച്ചത് പോളണ്ടായിരുന്നു. ഗോളടിച്ചതിന് പിന്നാലെ ലീഡുയര്‍ത്താന്‍ പോളണ്ടിന് വീണ്ടും സുവര്‍ണാവസരം ലഭിച്ചു. സെലന്‍സ്കിയുടെ ഷോട്ട് പക്ഷെ നെതര്‍ലന്‍ഡ്സ് നായകന്‍ വിര്‍ജില്‍ വാന്‍ ഡിക്ക് രക്ഷപ്പെടുത്തി.
എന്നാല്‍ 29-ാം മിറ്റില്‍ കോഡി ഗാക്പോയുടെ ഷോട്ട് ഡിഫ്ലക്ട് ചെയ്ത് പോളണ്ട് വലയിലെത്തിയപ്പോള്‍ ഗോള്‍ കീപ്പര്‍ വോജിയെക്ക് സെസ്നിക്ക് കാഴ്ചക്കാരനാകാനെ കഴിഞ്ഞുള്ളു. സമനില ഗോളിന്‍റെ ആവേശത്തില്‍ പിന്നീട് നെതര്‍ലന്‍ഡ്സ് ആക്രമണങ്ങള്‍ നെയ്തെങ്കിലും ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോളൊഴിഞ്ഞു നിന്നു.മത്സരത്തിലാകെ 21 ഷോട്ടുകളാണ് നെതര്‍ലന്‍ഡ്സ് പോളണ്ട് പോസ്റ്റിലേക്ക് പായിച്ചത്.
തുടര്‍ന്ന് 81-ാം മിനിറ്റില്‍ കോച്ച് കോമാന്‍ മെംഫിസ് ഡീപേയെ പിന്‍വലിച്ച് വുട്ട് വെഗോര്‍സ്റ്റിനെ കളത്തിലിറക്കി. നിമിഷങ്ങള്‍ക്കകം നെതര്‍ലന്‍ഡ്സിന്റെ വിജയഗോളെത്തി. ഇടതുഭാഗത്തുനിന്ന് അകെ ബോക്സിലേക്കടിച്ച പന്ത് നേരേ വെഗോര്‍സ്റ്റിലേക്ക്. ഷെസെസ്നിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുംമുമ്പ് വെഗോര്‍സ്റ്റ് പന്ത് വലയ്ക്കുള്ളിലാക്കി.