ഇന്ത്യ ഒരിക്കലും ഒരു ഭാഷയുടെയോ, സംസ്‌കാരത്തിന്റെയോ കുടക്കീഴില്‍ വരുന്ന ഒരു രാജ്യമല്ല. വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളും, ജീവിതരീതിയും പിന്തുടരുന്ന നമ്മുടെ രാജ്യം അതിഭാവുകത്വം നിറഞ്ഞ കെട്ടുകഥകളുടെയും നാടാണ്. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരുപാട് സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. യാത്രകളില്‍ സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് പോകാൻ പറ്റിയ ഇടമാണ് അഹമ്മദാബാദിലെ സിഗ്നേച്ചർ ഫാം.
കാഴ്ചയിൽ ആധുനിക രൂപമാണെങ്കിലും പ്രേത കഥകളുടെ കാര്യത്തിൽ കുറച്ച് പഴഞ്ചനാണ് അഹമ്മദാബാദിലെ സിഗ്നേച്ചർ ഫാം. ഗുജറാത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടം ആളുകളുടെയും മൊബൈൽ സിഗ്നലുകളുടെയും അസാന്നിധ്യം കൊണ്ടുമാണ് ശ്രദ്ധേയമായിരിക്കുന്നത്. പൊട്ടി തകർന്നു കിടക്കുന്ന ശില്പങ്ങളും പ്രതിമകളുമാണ് ഈ സ്ഥലത്തെ ഏറ്റവും പേടിപ്പിക്കുന്ന കാഴ്ച.
കൃത്യം നടുവിൽ നിന്നും മുറിച്ച നിലയിലുള്ള ബുദ്ധന്റെയും കുതിരകളുടെയും പ്രതിമകൾ വരെ ഇവിടെയുണ്ട്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ കുതിരകൾ കരയുന്ന ശബ്ദവും പേടിച്ചോടുന്ന അവയുടെ കുളമ്പടി ശബ്ദവും ഇവിടെ കേൾക്കാറുണ്ടെന്ന് പലരും അവകാശപ്പെടുന്നു. ഒരിക്കൽ ഒരു വലിയ ഗ്രാമമായിരുന്ന ഇവിടെ കൂട്ടക്കൊല നടക്കുകയും ഒന്നൊഴിയാതെ എല്ലാ ഗ്രാമീണരെയും കൊലപ്പെടുത്തുകയും ചെയ്തുവത്രെ. അന്നുമുതൽ, അവരുടെ ആത്മാക്കൾ ഈ പ്രേത ഫാമിന് ചുറ്റും കറങ്ങുന്നതായി പറയപ്പെടുന്നു. അതിനു ശേഷമാണ് ഇവിടം ഇങ്ങനെയായതെന്നാണ് പറയപ്പെടുന്നവത്.
പകൽ പോലും ആളുകൾ നോക്കാൻ മടിക്കുന്ന ഈ സ്ഥലം ഏറ്റെടുക്കാൻ ചിലർ വന്നിരുന്നെങ്കിലും പലരും സ്ഥലം കണ്ട് പോകുന്നതല്ലാതെ മടങ്ങി വരാറില്ലെന്നും പറയപ്പെടുന്നു.