കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. വണ്ടി ഓടിച്ചിരുന്നയാളാണ് മരിച്ചത്. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ കത്തിയത്.
ഞായറാഴ്ച വൈകീട്ട് 6.45-നാണ് സംഭവം. ആത്മഹത്യ എന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം. ഓൾട്ടോ 800 വാഹനമാണ് കത്തിയത്. കാറിൽ ഉണ്ടായിരുന്നത് പുരുഷനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള് കല്ലുവാതുക്കൽ സ്വദേശിയാണെന്നാണ് സൂചന.
ചാത്തന്നൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ആശുപത്രിക്ക് സമീപം നിർത്തിയതിന് പിന്നാലെ വാഹനത്തിൽനിന്ന് തീ ഉയരുകയായിരുന്നു. സമീപത്തെ വർക് ഷോപ്പിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ കാറിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. സംഭവം അറിഞ്ഞ് ഉടൻതന്നെ ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി. തീ ആളിപ്പടരുന്നതിനാൽ പരവൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയ ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. അപ്പോഴേക്കും ഡ്രൈവിങ് സീറ്റിലിരുന്നയാൾ മരിച്ചിരുന്നു.
ശരീരം പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചതാരെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി.