തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ മണ്ഡല അടിസ്ഥാനത്തിൽ പരിശോധനക്ക് ഒരുങ്ങി സിപിഐഎം. കേഡർ വോട്ടുകൾ ചോർന്നുവെന്നും പാർട്ടി വോട്ടുകളുടെ ചോർച്ച തോൽവിയുടെ ആഘാതം കൂട്ടിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. പാർട്ടി ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയിൽ പ്രത്യേക പരിശോധന ഉണ്ടാകും.
വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷൻ വന്നേക്കുമെന്ന് സൂചനയുണ്ട്. പരാജയത്തിന്റെ പശ്ചാത്തലത്തിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധന നടത്തും. പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തി.
സിപിഎം പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി കടന്നുകയറിയത് പ്രത്യേകം പരിശോധിക്കും. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച മനസിലാക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടന്നും യോഗത്തിൽ വിമർശനം ഉയർന്നു.
ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തിൽ പഠിക്കണമെന്നും നിർദേശിച്ചിരുന്നു.
എൽഡിഎഫിന്റെ കനത്ത പരാജയത്തിൽ മുന്നണിക്കുള്ളിൽ തന്നെ കടുത്ത വിമർശനമാണ് ഉയരുന്നത്. പരാജയത്തിൽ സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് സിപിഐയുടെ വിവിധ ജില്ലാ കൗൺസിലുകൾ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടപ്പിൽ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്നാണ് ഉയർന്ന വിമർശനം.
ന്യൂനപക്ഷ പ്രീണനം പരിധിവിട്ടുവെന്നും മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നുമാണ് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ സര്‍ക്കാരിനെതിരെ ഉയർന്ന അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം പരാജയകാരണമായി. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ പ്രകടനം മോശമെന്നും അംഗങ്ങള്‍ വിലയിരുത്തി.