ന്യൂഡൽഹി: ജമ്മു-കശ്മീരിലെ വിഘടനവാദത്തിനെതിരെ നടപടി കടുപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമർനാഥ് യാത്രക്ക് പഴുതടച്ച സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു അമിത് ഷായുടെ നിർദേശം. കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.
ജമ്മുകാശ്മീരിലെ സുരക്ഷയുടെ കാര്യത്തിൽ എൻ.ഡി.എ സർക്കാരിന്റെ കർശന നിലപാടുകളിൽ വിട്ടുവീഴ്ച പാടില്ല. കാശ്മീർ താഴ്വരയിൽ കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ പോസിറ്റീവ് ഫലങ്ങൾ നൽകി. ആക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായി. ക്രമസമാധാന നിലയിലെ പുരോഗതി വിനോദസഞ്ചാരികളുടെ റെക്കാഡ് ഒഴുക്കിൽ പ്രതിഫലിക്കുന്നുണ്ടെന്നും ഷാ അഭിപ്രായപ്പെട്ടു. സുരക്ഷയിലും ഭീകരരരെ നിയന്ത്രിക്കുന്നതിലും നേടിയ വിജയം നിലനിറുത്താൻ സുരക്ഷാ ഏജൻസികളോട് നിർദ്ദേശിക്കുകയും ചെയ്തു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, സി.ആർ.പി.എഫ് ഡിജി അനീഷ് ദയാൽ, ബി.എസ്.എഫ് ഡിജി നിതിൻ അഗർവാൾ, ജമ്മു കശ്മീർ ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.