ജറൂസലം: ഫലസ്തീനിലേക്കുള്ള സഹായവിതരണം പൂർത്തീകരിക്കാൻ ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിലുടനീളം പകൽസമയത്ത് വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേൽ. റഫ മേഖലയിലാകും വെടിനിർത്തൽ. കാലത്ത് എട്ടുമുതൽ വൈകീട്ട് ഏഴുമണിവരെയുള്ള വെടിനിർത്തൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരും. എന്നാൽ, ലോകമാകെ ആവശ്യപ്പെടുന്ന സമ്പൂർണ വെടിനിർത്തലല്ല ഇതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ നിയന്ത്രണത്തിലുള്ള കറം അബൂസാലിം ക്രോസിങ്ങിനടുത്ത് ട്രക്കുകൾക്ക് പ്രശ്നങ്ങളില്ലാതെ എത്താൻ പുതിയ നടപടി വഴിയൊരുക്കും. സഹായങ്ങൾ ഫലസ്തീനിലേക്ക് എത്തുന്ന പ്രധാന വഴിയാണിത്. സലാഹുദ്ദീൻ ഹൈവേയിലൂടെ സുഗമ യാത്രക്കും വെടിനിർത്തൽ സഹായകരമാകും.
ഇസ്രായേൽ സൈന്യം മേയിൽ റഫയിലേക്ക് കടന്നതോടെ കറം അബൂസാലിം ക്രോസിങ് വഴി സഞ്ചാരം മുടക്കിയിരുന്നു. ഖാൻ യൂനുസ്, മുവാസി, മധ്യ ഗസ്സ എന്നിവിടങ്ങളിലേക്കുമുള്ള സഹായ സാധനങ്ങൾ എത്തിക്കൽ ഇനി എളുപ്പമാകുമെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.