Kerala

കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തോട് അനുബന്ധിച്ചു ബൈക്കിൽ രാജ്യം ചുറ്റാൻ സൈനികർ; സംഘത്തിൽ 5 മലയാളികളും

കോട്ടയം: കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തോട് അനുബന്ധിച്ചു ഇന്ത്യൻ സൈന്യം നടത്തുന്ന ബൈക്ക് യാത്രയിൽ അണിചേർന്നു മലയാളി സൈനികരും. കോഴിക്കോട് പെരുവയൽ സ്വദേശി ലഫ്. കേണൽ മനോജ് കുമാർ നായർ, കുന്നമംഗലം പെരിങ്ങളം കൃഷ്ണകൃപയിൽ കെ.നിതിൻ, പടിഞ്ഞാറൻമുടി ഇളയിടത്തുതാഴത്ത് എൻ.കെ.അഭിനന്ദ്, തൃശൂർ കല്ലുങ്കൽപാടം വട്ടമല ശോഭ്‌രാജ് ജോൺ, കോട്ടയം മര്യാത്തുരുത്ത് മുഞ്ഞനാട്ട് അർജുൻ വി.ഗോപാൽ എന്നിവരാണു സംഘത്തിലെ മലയാളികൾ. അഞ്ചുപേരും ‌ആർട്ടിലറി റജിമെന്റിലെ സാഹസിക ബൈക്ക് റൈഡർമാരാണ്.

അസമിലെ ദിൻജൻ, ഗുജറാത്തിലെ ദ്വാരക, തമിഴ്നാട്ടിലെ ധനുഷ്കോടി എന്നിവിടങ്ങളിൽ നിന്നു 3 ടീമുകളായി 13നു യാത്ര തുടങ്ങി. ധനുഷ്കോടി സംഘത്തിലാണു മലയാളികളുള്ളത്. കാർഗിൽ യുദ്ധവീരൻമാരെയും യുദ്ധത്തിൽ മരിച്ചവരുടെ കുടുംബങ്ങളെയും സന്ദർശിച്ചാണു യാത്ര. യുദ്ധസ്മാരകങ്ങളിൽ ആദരാഞ്ജലി അർപ്പിക്കും. 3 ‍ടീമുകളും ഈ മാസം 26നു ഡൽഹിയിൽ സംഗമിക്കും. ശേഷം കാർഗിലിലേക്കു യാത്ര തിരിക്കും. കാർഗിൽ യുദ്ധകാലത്തെ തന്ത്രപ്രധാന കേന്ദ്രമായ ദ്രാസിലെ ഗൺ ഹില്ലിൽ ജൂലൈ 12നും 15നും ഇടയിൽ യാത്ര സമാപിക്കും.