ആലപ്പുഴ : ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരിൽ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും തലകുനിക്കില്ലെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തിലെ മുഖപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘യാഥാർഥ്യം ഉറക്കെപ്പറഞ്ഞതിന്റെ പേരിൽ എനിക്കെതിരേ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാൻ ഒന്നേയുള്ളൂ; ഇത്തരം ഭീഷണിക്കുമുന്നിൽ തലകുനിക്കാൻ മനസ്സില്ല. അത്തരം വെല്ലുവിളി നേരിടാൻ തയ്യാറാണ്. അതിനുവേണ്ടി രക്തസാക്ഷിയാകാനും മടിയില്ല’ എന്ന മുഖവുരയോടെയാണ് വെള്ളാപ്പള്ളി കാര്യങ്ങൾ വിശദീകരിക്കുന്നത്.
‘ഒഴിവുവന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് എൽ.ഡി.എഫ്. ഒരു മുസ്‌ലിമിനെയും ഒരു ക്രിസ്ത്യാനിയെയും യു.ഡി.എഫ്. ഒരു മുസ്‌ലിമിനെയും നാമനിർദേശംചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് ഞാൻചെയ്ത പാതകം. കേരളത്തിൽ ആകെയുള്ളത് ഒൻപതു രാജ്യസഭാ സീറ്റുകളാണ്. അതിൽ അഞ്ചുപേരും മുസ്‌ലിങ്ങളാണ്. രണ്ടുപേർ ക്രിസ്ത്യാനികളും. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കൾക്ക് ഇരുമുന്നണികളുംകൂടി നൽകിയത് രണ്ടേരണ്ടു സീറ്റുകളും.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണ്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽവരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചുചിന്തിക്കാൻ ഇവർക്കു ധൈര്യമില്ല. കമ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കംമുതൽ പാർട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹങ്ങളുടെ വിശ്വാസത്തെ സി.പി.എമ്മും സി.പി.ഐ.യും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിക്കുകയായിരുന്നു.
ഇരുമുന്നണികളുടെയും മുസ്‌ലിം പ്രീണനവും മുസ്‌ലിം ലീഗിന്റെയും കുറെ മുസ്‌ലിം സംഘടനകളുടെയും അഹങ്കാരവും സഹിക്കാനാകാതെ വന്നപ്പോഴാണ് ക്രൈസ്തവർ ബി.ജെ.പി.യെ രക്ഷകരായി കണ്ടത്. മറ്റു മതസ്ഥരുടെ മനസ്സുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകൾ പരിഷ്കരിക്കാൻ മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം സമുദായങ്ങളുടെയും നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണം’ -മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി പറയുന്നു.