ബേക്കറികളിലെ ചില്ലുകൂട്ടിലെ ചെറി ഇനി വീട്ടിലും തയ്യാറാക്കാം. പോഷകപ്രദവും സ്വാദിഷ്ഠവുമായ ചെറിപ്പഴം സംസ്കരിക്കാം. യാതൊരു വിധ രാസവസ്തുക്കളോ കൃത്രിമ നിറമോ ഉപയോഗിക്കാതെ ഭക്ഷിക്കാനുതകുംവിധം ചെറി സംസ്കരിക്കാം.
ആവശ്യമായ ചേരുവകൾ
- ചെറിപ്പഴം – 1 കി. ഗ്രാം
- പഞ്ചസാര – 1 കി.ഗ്രാം
- ചുണ്ണാമ്പ് – 25 ഗ്രാം
- ഉപ്പ് – 80 ഗ്രാം,
- ചെമ്പരത്തി / ബീറ്റ്റൂട്ട് (നിറത്തിന്)
തയ്യാറാക്കുന്ന വിധം
നല്ല മൂപ്പെത്തിയ ചെറിക്കായ നെടുകേ പിളര്‍ന്ന് കുരു കളഞ്ഞ് ചുണ്ണാമ്പ്, ഉപ്പ് കലര്‍ത്തിയ വെളളത്തില്‍ 12 മണിക്കൂര്‍ വയ്ക്കണം. പിന്നീട് കായ്കള്‍ എടുത്ത് ശുദ്ധജലത്തില്‍ നാലഞ്ചു തവണ കഴുകി കറ മാറ്റണം. ഒരു തുണിയില്‍ കിഴി കെട്ടി തിളച്ച വെളളത്തില്‍ 5 മിനിട്ട് മുക്കിവയ്ക്കുന്നു. കായ്കള്‍ ഒരു ലിറ്റര്‍ വെളളത്തില്‍ 600 ഗ്രാം പഞ്ചസാരയിട്ട് തിളപ്പിക്കുന്നു. തണുത്തശേഷം തണുപ്പിച്ച കായ്കള്‍ ഇതിലിട്ട് വയ്ക്കും. അടുത്ത ദിവസം നീര് ഊറ്റി അതില്‍ 200 ഗ്രാം പഞ്ചസാരയിട്ട് തിളപ്പിച്ച് തണുത്തശേഷം പുറത്തു വച്ച കായ്കള്‍ ഇതിലിട്ടുവയ്ക്കും.
അടുത്ത ദിവസവും കായകള്‍ മാറ്റിയ പഞ്ചസാര ലായനിയില്‍ 200 ഗ്രാം പഞ്ചസാരയിട്ട് തിളപ്പിച്ച് തണുത്തശേഷം പുറത്തു വച്ച കായ്കള്‍ ഇട്ടുവയ്ക്കും. ഈ പ്രക്രിയ 7 ദിവസം തുടരണം. അവസാനം കായയുടെ പുറത്ത് പഞ്ചസാര തരികള്‍ പറ്റിപ്പിടിച്ച പോലെ കാണാം. ഇവയെ വലിയ ഒരു പ്ലേറ്റില്‍ നിരത്തി വെയിലത്ത് ഉണക്കും. ഉണങ്ങിയ പഴങ്ങള്‍ക്ക് നിറവും മണവും നല്‍കുന്നതിന് ചെമ്പരത്തിപ്പൂവിന്റെ നിറമോ ബീറ്റ്റൂട്ടിന്റെ നിറമോ നല്‍കാം. ഒരു കഷ്ണം ചെറുനാരങ്ങാനീര് പിഴിഞ്ഞെടുത്ത് ഒഴിച്ചുവയ്ക്കുക. മണത്തിനും രസത്തിനും വേണ്ടി ഗ്രാമ്പു 5 എണ്ണം, ഏലയ്ക്ക 3 എണ്ണം പൊടിച്ച് വിതറുക.