India

ഫോൺ ഉപയോഗം, വീട്ടുകാർ വഴക്കുപറഞ്ഞതിന് പിന്നാലെ കാണാതായ 13കാരിയുടെ മൃതദേഹം പുഴയിൽ

മൊബൈൽ ഫോൺ ഉപയോഗം കൂടിയപ്പോൾ വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്നാണു കുട്ടി വീടുവിട്ടിറങ്ങിയത്

മാഹി : ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽനിന്നും കാണാതായ 13 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ടുജെട്ടിക്ക് അടുത്ത് പുഴയിൽനിന്നാണു രാവിലെ മൃതദേഹം കിട്ടിയത്. തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകളായ പവിത്രയാണു മരിച്ചത്. ന്യൂമാഹി എംഎം ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

മയ്യഴിപ്പുഴയ്ക്കു സമീപം പെരിങ്ങാടി കല്ലായി അങ്ങാടിയിൽ ഈച്ചി വൈഷ്ണവ് ഹോട്ടലിനു സമീപം വാടകവീട്ടിലാണ് 10 വർഷമായി താമസം. മൊബൈൽ ഫോൺ ഉപയോഗം കൂടിയപ്പോൾ വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്നാണു കുട്ടി വീടുവിട്ടിറങ്ങിയത്.

കുട്ടിയെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തി. താമസ സ്ഥലത്തിനു സമീപം പുഴയോരത്തു കുട്ടിയുടെ ചെരുപ്പും കാൽപ്പാടും കണ്ടു. തുടർന്ന് പുഴയിൽ ഞായറാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.