Kerala

“ലോക കേരള തോല്‍വികള്‍” !!: ഭക്ഷണത്തിലും വിഭജനം കാട്ടി; മലായളികളെയാകെ നാണം കെടുത്തിയോ ?

ലോക കേരള സഭയില്‍ ജീവനക്കാരെ രണ്ടാംതരം പൗരന്‍മാരാക്കി ഭക്ഷണം നല്‍കി

പ്രതീക്ഷിച്ചതു പോലെത്തന്നെ മലയാളികളെയാകെ നാണം കെടുത്തിക്കൊണ്ടാണ് ലോക കേരളസഭ അവസാനിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മകയാളികളില്‍ നിന്നും എന്താണോ ഉണ്ടാകാന്‍ പാടില്ലാത്തത് അത് സംഭവിച്ചിരിക്കുന്നു. വിഭജനത്തിന്റെ പാഠം പഠിപ്പിച്ച ലോക കേരള സഭയുടെ സംഘാടകര്‍ക്ക് നമോവാകം. ഇനിയും ഇങ്ങനെയുള്ള വിഭജനങ്ങളും വേര്‍തിരിവുകളും നടത്തിക്കൊണ്ടേയിരിക്കണം. കാരണം, തമ്മില്‍ഭേദം തൊമ്മനായതു കൊൊണ്ട് തെരഞ്ഞെടുത്തു പോയില്ലേ. അതിന്റെ ഗുണം കാണിക്കുക തന്നെ വേണം.

ലോക കേരള സഭയില്‍ ഭക്ഷണം വിതരണം ചെയ്തതില്‍ തരംതിരിവു കാട്ടിയെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അതിനെതിരേ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അതും കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍. രണ്ടാം തരം പൗരന്‍മാരെപ്പോലെ ചോറും മരച്ചീനിയും സാമ്പാറും വിളമ്പി മാനംകെടുത്തിവിട്ട സര്‍ക്കാര്‍ ജീവനക്കാര്‍ പുറത്തു പറയാന്‍ പറ്റാത്തത്ര അപമാന ഭാരത്തിലാണ് ഇപ്പോഴുള്ളത്. ഇതിനേക്കാള്‍ വിഭവ സമൃദ്ധമായ ഭക്ഷണം സ്വന്തം വീടുകളില്‍ കിട്ടുമായിരുന്നിട്ടും, ലോക കേരളസഭ വിജയിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ജീവനക്കാരോടാണ് സര്‍ക്കാര്‍ ചിറ്റമ്മ നയം കാണിച്ചത്.

ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ആഡംബര ഭക്ഷണവും സംഘാടകരായ ജീവനക്കാര്‍ക്ക് സാധാരണ കാറ്ററിംഗ് സര്‍വീസില്‍ നിന്നുള്ള ഭക്ഷണവുമാണ് ഏര്‍പ്പെടുത്തിയത്. ഒരു പന്തിയില്‍ രണ്ട് ഭക്ഷണം വിളമ്പിയതോടെ സര്‍ക്കാരിന് വിവേചനമുണ്ടെന്ന് ബോധ്യമാവുകയും ചെയ്തു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചും, അവരെ ദ്രോഹിച്ചുമൊക്കെ സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭീകര വേര്‍ഷനായിരുന്നു ഭക്ഷണത്തിലെ വിവേചനം.

ലോക കേരളസഭ ആലരംഭിച്ചപ്പോള്‍ തന്നെ ഈ വേര്‍തിരിവ് നടപ്പാക്കിയതില്‍ ഉദ്യോഗസ്ഥര്‍ എതിര്‍പ്പറിയിച്ചിരുന്നു. ചില ഉദ്യോഗസ്ഥര്‍ ഭക്ഷണം തന്നെ ഉപേക്ഷിക്കുകയും ചെയ്തു. പ്രതിനിധികള്‍ ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് സംഘാടകരായ ജീവനക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും കൂടി ചെയ്തതോടെ രണ്ടാം തരം പൗരന്‍മാരായി സര്‍ക്കാര്‍ ജീവനക്കാരെ സര്‍ക്കാര്‍ കാണുന്നുവെന്നതിന് പ്രത്യക്ഷ തെളിവുമായി. കര്‍ശമായ താക്കീതാണ് ഈ ഉന്നതന്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. ആരെങ്കിലും അവിടേക്ക് പോയാല്‍ സി.സി.ടി.വി നോക്കി നടപടിയെടുക്കുമെന്നായിരുന്നു ഉന്നതന്റെ വാറോല.

എല്‍.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും മന്ത്രിമാരും ഡെലിഗേറ്റില്‍ ഉള്‍പ്പെടുന്നതുകൊണ്ട് അവര്‍ക്കെല്ലാം റാവിസില്‍ നിന്നുള്ള ലാവിഷ് ഭക്ഷണം ലഭിച്ചിരുന്നു. അതേസമയം, ലോകകേരള സഭയ്‌ക്കെത്തി പ്രവാസി പ്രതിനിധികളില്‍ പലരും ബ്രേക്ക് ഫാസ്റ്റ് അവര്‍ താമസിച്ചിരുന്ന ഹോട്ടലുകളില്‍ നിന്ന് കഴിച്ചതോടെ വലിയ അളവില്‍ ഭക്ഷണം ബാക്കിവരികയും ചെയ്തു. ബാക്കിവന്ന ഭക്ഷണം കഴിച്ചു തീര്‍ക്കാന്‍ ജീവനക്കാരോട് നിര്‍ദ്ദേശിക്കുക കൂടി ചെയ്തുവെന്നാണ് സൂചന. ഈ വിവരങ്ങള്‍ ഏതെങ്കിലും ജീവനക്കാരന്‍ പരസ്യമായി പറയുന്നതു വരെ രഹസ്യമായി തുടരുമെന്നുറപ്പാണ്.

എന്നാല്‍, ജീവനക്കാര്‍ ഉന്നതന്റെ ഉഗ്രശാസനം ചൂണ്ടിക്കാട്ടി റാവിസിലെ ഭക്ഷണം ഒഴിവാക്കി വകുപ്പുതല അച്ചടക്ക നടപടിയില്‍ നിന്നും മാനനഷ്ടത്തില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. എങ്കിലും ലോക കേരള സഭാ നടത്തിപ്പിന് രാപ്പകലില്ലാതെ ഓടിനടന്ന ജീവനക്കാരെ രണ്ടാംതരം പൗരന്‍മാരായി സി.പി.എമ്മിലെ ഉന്നതന്‍ പരിഗണിച്ചതിനെതിരെ രോഷം പുകയുന്നുണ്ട്. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യ ദിവസത്തെ പരിപാടി വെട്ടിച്ചുരുക്കിയിരുന്നു. രണ്ടാം ദിവസം പ്രഭാത ഭക്ഷണം റാവിസ് ഹോട്ടലില്‍ നിന്ന് എത്തിയെങ്കിലും ഡെലിഗേറ്റുകളില്‍ ഭൂരിഭാഗവും താമസിച്ച ഹോട്ടലില്‍ നിന്നു കഴിച്ചു.

പ്രഭാത ഭക്ഷണം മിച്ചം വന്നതിനെ തുടര്‍ന്ന് നടത്തിപ്പുകാരെ റാവിസ് ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും അവര്‍ പോയിയില്ല. ഞങ്ങള്‍ മന്ന ഭക്ഷണം കഴിച്ചോളാം എന്നായിരുന്നു മറുപടി. ഉന്നതന്‍ പറഞ്ഞത് കാര്യമാക്കണ്ട എന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും നാണം കെട്ട് റാവിസ് ഭക്ഷണം കഴിക്കാന്‍ നടത്തിപ്പുകാര്‍ തയ്യാറായില്ല. ജീവനക്കാര്‍ക്കും ലോക കേരളസഭയിലെ ഒഫീഷ്യല്‍സിനും അസംബ്ലിയിലെ ഹൗസ്‌കീപ്പിംഗ് ബില്‍ഡിംഗിലെ ക്യാന്റീനിലാണ് ഭക്ഷണം നല്‍കിയത്. പ്രതിനിധികള്‍ക്ക് എ.സി. ഹാളിലും ഭക്ഷണം നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍, വിവേചനത്തിന്റെ പാഠം ജീവനക്കാരെ പഠിപ്പിച്ചത്.

എന്നാല്‍, നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത നടപടിയാണ് ഇത്തവണത്തെ ലോക കേരളസഭയില്‍ ഉണ്ടായിട്ടുള്ളത്. നാലാമത് ലോക കേരള സഭക്ക് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വക 35 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭ ഫണ്ട് വക മാറ്റുന്നത്. ലോക കേരള സഭ നടക്കുന്ന നിയമസഭയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായാണ് 35 ലക്ഷം അനുവദിച്ചു നല്‍കിയത്. മുന്‍കാലങ്ങളില്‍ ലോക കേരള സഭയുടെ മുഴുവന്‍ ചെലവും വഹിച്ചിരുന്നത് നോര്‍ക്ക വകുപ്പാണ്. നിയമസഭക്ക് അനുവദിച്ച ബജറ്റ് വിഹിതത്തില്‍ നിന്ന് സ്പീക്കര്‍മാര്‍ ആയിരുന്ന ശ്രീരാമകൃഷ്ണനോ എം.ബി രാജേഷോ തുക വകമാറ്റിയിരുന്നില്ല.

അസാധാരണ നടപടിയാണ് ഷംസിറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍, ലോക കേരള സഭക്ക് നോര്‍ക്ക 3 കോടി അനുവദിച്ചിരുന്നു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളായിരുന്നു പ്രധാന വേദി. നിയമസഭാ സമ്മേളനത്തിന് അവധി പ്രഖ്യാപിച്ചാണ് ലോക കേരളസഭ ചേര്‍ന്നത്. നിയമസഭാ സമ്മേളംന ഇനി 19ന് പുനരാരംഭിക്കും. സാംസ്‌ക്കാരിക പരിപാടിക്ക് 25 ലക്ഷം, പുസ്തകം പ്രിന്റ് ചെയ്യാന്‍ 15 ലക്ഷം, ഫോട്ടോയും വീഡിയോയ്ക്കും 30 ലക്ഷം. പരസ്യത്തിന് 10 ലക്ഷം രൂപയും പ്രവാസി വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പരിപാടിക്ക് 20 ലക്ഷം രൂപയും അനുവദിച്ചു.

ലോക കേരള സഭ അംഗങ്ങളുമായി സഹകരിച്ച് കേരളത്തിന്റെ സാംസ്‌കാരിക, ടൂറിസം പരിപാടികളുടെ ഫോട്ടോ, വീഡിയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഭക്ഷണത്തിന് 10 ലക്ഷവും താമസത്തിന് 25 ലക്ഷവും വേദിയും വഴികളും അലങ്കരിക്കാന്‍ 35 ലക്ഷം, എയര്‍ ടിക്കറ്റിന് 5 ലക്ഷം, പബ്‌ളിസിറ്റിക്ക് 5 ലക്ഷം, മറ്റ് ആവശ്യങ്ങള്‍ക്ക് 20 ലക്ഷം എന്നിങ്ങനെ ലോക കേരള സഭയുടെ മീറ്റിംഗുമായി ബന്ധപ്പെട്ട ചെലവ് 1 കോടി രൂപയാണ്. ലോക കേരള സഭ സെക്രട്ടറിയേറ്റിന് 50 ലക്ഷവും അനുവദിച്ചിരുന്നു. ഇതില്‍ 19 ലക്ഷം ഓഫിസ് ചെലവുകള്‍ക്കായിട്ടാണ്. ലോക കേരള സഭയിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ 50 ലക്ഷമാണ് അനുവദിച്ചത്. ഇതില്‍ പബ്‌ളിസിറ്റിക്ക് മാത്രം അനുവദിച്ചത് 15 ലക്ഷം രൂപയാണ്. ബജറ്റില്‍ രണ്ടുകോടിരൂപാണ്

ചെലവ് ഇനിയും കോടികള്‍ ഉയരുമെന്നാണ് സൂചന. ബില്ലുകള്‍ വരുന്ന മുറക്ക് ധനവകുപ്പ് അധിക ഫണ്ട് അനുവദിക്കും. ലോക കേരള സഭ കഴിഞ്ഞാല്‍ 2 മേഖല സമ്മേളനങ്ങള്‍ വിദേശത്ത് വച്ച് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും വിദേശത്ത് നടക്കുന്ന മേഖല സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പോവുകയും ചെയ്യും. 3 ലോക കേരള സഭ നടന്നെങ്കിലും പ്രവാസികള്‍ക്ക് സഭ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നതാണ് എടുത്തു പറയാന്‍ കഴിയുന്ന കാര്യവും. 2 വര്‍ഷം കൂടുമ്പോള്‍ മുറ തെറ്റാതെ നടക്കുന്ന ആചാരമായി ലോക കേരള സഭ മാറിക്കഴിഞ്ഞു. എന്നിട്ടും, ലോക കേരളസഭയെ വിജയമാക്കാന്‍ പ്രയത്‌നിക്കുന്ന ജീവനക്കാരെ അടുക്കളക്കാരായി മാത്രം കാണുന്ന നിലപാടിനോട് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അഭിപ്രായമാണ് അറിയാനുള്ളത്.