Science

വൈറസ് സാന്നിധ്യം ഭീഷണിയാക്കിയ മടക്കയാത്ര: സുനിതാ വില്യംസ് എത്താന്‍ വൈകുമോ ?; കാത്തിരിക്കുന്ന ശാസ്ത്ര ലോകം

അതിവിശാലമായ ഈ ഭൂമിയില്‍ എവിടെയും യഥേഷ്ടം ആര്‍ക്കും സഞ്ചരിക്കാം. പക്ഷേ അതുപോലെ ഒന്നും ബഹിരാകാശത്തേക്ക് പോകാന്‍ ഒരുപക്ഷേ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. അതിന് കാലങ്ങള്‍ നീണ്ട തയ്യാറെടുപ്പും പഠനങ്ങളും പരിശീലനങ്ങളും കഠിനപ്രയത്‌നവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയേ മതചിയാകൂ. ഈ പറഞ്ഞ നിശ്ചയദാര്‍ഢ്യത്തിന് ചേരുന്ന ഒരു പേരുകാരിയെ കുറിച്ചാണ് പറയുമ്പോള്‍ നമുക്ക് ഇന്ത്യാക്കാര്‍ അഭിമാനവും അതിലേറെ സന്തോഷവുമുണ്ട്. ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്.

ശൂന്യാകാശത്തു നിന്നുള്ള മടക്കയാത്രയില്‍ ഭൂമിയില്‍ തൊടാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കേ പൊട്ടിത്തറിച്ച കൊളംബിയയിലെ ഇന്ത്യന്‍ വംശജകല്പനാ ചൗളയ്ക്കു ശേഷം നാസ തിരഞ്ഞെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ വംശജ കൂടിയാണ് സുനിതാ വില്യംസ്. അടുത്തകാലത്തായി സുനിത വില്യംസ് എന്ന പേര് വാര്‍ത്താമാധ്യമങ്ങളില്‍ വീണ്ടും നിറഞ്ഞിരിക്കുകയാണ്. പതിനൊന്നു ദിവസം കഴിഞ്ഞിരിക്കുന്നു സുനിത വില്യം ഭൂമിയുമായുള്ള സമ്പര്‍ക്കം വിട്ടിട്ട്. നാളെ തിരിച്ചു വരാനിരിക്കെ സിനിതയുടെയും സംഘത്തിന്റെയും ഭൂമിയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. മടക്കായാത്ര വീണ്ടും നാല് ദിവസം വൈകി 22ലേക്ക് റീ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്.

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതാണ് മടക്കയാത്രയ്ക്ക് തടസ്സമായിരിക്കുന്നത്. സുനിതാ വില്യംസിനും സഹയാത്രികനും ബഹിരാകാശ നിലയത്തില്‍ 4 ദിവസം കൂടി അധികമായി ചെലവിടേണ്ടിവരും. മടക്കയാത്ര നീട്ടിയതോടെ മൊത്തം ദൗത്യം രണ്ടാഴ്ചയിലേറെയാകും. സംഘത്തിന്റെ ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂണ്‍ 18നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇപ്പോള്‍ ജൂണ്‍ 22 ലേക്കാണ് മാറ്റിയത്. തെക്കുപടിഞ്ഞാറന്‍ യുഎസിലെ ലാന്‍ഡിങ് സ്ഥലങ്ങളുടെ കാലാവസ്ഥാ സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയതിനുശേഷമാകും ഭൂമിയിലേക്ക് ബഹിരാകാശ പേടകം പുറപ്പെടുക.

ഗുജറാത്തിലെ ഒരു ചെറു ഗ്രാമത്തില്‍ നിന്നുള്ള ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബര്‍ 19ന് ഓഹിയോവിലെ യൂക്ലിഡിലാണ് ജനിച്ചത്. ഫിസിക്കല്‍ സയന്‍സില്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് ബിരുദവും ഫ്‌ളോറിഡ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദവും നേടിയശേഷം 1987 ല്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് നേവിയില്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നു. 1995 ല്‍ യുനൈറ്റഡ് സ്റ്റേറ്റ് നേവിയിലെ യുദ്ധക്കപ്പലായ USS Saipanലെ എയര്‍ക്രാഫ്റ്റ് ഹാന്‍ഡ്ലറും അസിസ്റ്റന്റ് എയര്‍ ബോസും ആകുന്നു. ഈ കാലത്താണ് സുനിത വില്യംസ് നാസയുടെ ബഹിരാകാശപദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതായത്,1998 ജൂണ്‍ മാസത്തില്‍.

തുടര്‍ന്ന് ആഗസ്റ്റ് മാസത്തില്‍ പരിശീലനം തുടങ്ങുന്നു. അമേരിക്കയിലും റഷ്യയിലുമായി നിരവധി പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടുന്നു. ഇതുകൂടാതെ സമുദ്രാടിത്തട്ടിലെ ആവാസവ്യവസ്ഥയെ കുറിച്ച് പഠിക്കാനുള്ള ദൗത്യമായ നീമോ 2 ദൗത്യത്തില്‍ അംഗമാകുന്നു. 2008ല്‍ നാസയുടെ ഡപ്യൂട്ടി ചീഫ് ഓഫ് ആസ്‌ട്രോനോട്ടിക്‌സ് ഓഫീസിലേക്ക് സുനിതയുടെ പ്രവര്‍ത്തനമണ്ഡലം മാറുന്നു.

2006 ഡിസംബര്‍ 9ന് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്രക്ക് തുടക്കമിട്ടു. 2007 ജനുവരി 31ന് അവര്‍ ആദ്യമായി ബഹിരാകാശത്തു നടന്നു. പിന്നീട് ഫെബ്രുവരി 7,9 ദിവസങ്ങളില്‍ രണ്ടു നടത്തങ്ങള്‍ കൂടി. ഒമ്പതു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു പ്രാവശ്യമായി ഇവര്‍ 6മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്തു നടന്നു. നാലാമത്തെ ബഹിരാകാശ നടത്തം കൂടി കഴിഞ്ഞതോടെ അവര്‍ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകശത്തു നടന്ന് പുതിയ റെക്കോര്‍ഡിനുടമായയി. 2007 ഡിസം 18ന് പെഗ്ഗി വിറ്റ്‌സണ്‍ 32 മണിക്കൂറും 32 മിനിറ്റും പൂര്‍ത്തിയാക്കുന്നതു വരെ ഈ റിക്കോര്‍ഡ് നിലനിന്നു. എന്നിരുന്നാലും ബഹിരകാശത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം നടന്ന വനിത എന്ന ബഹുമതി ഇന്നും സുനിതയ്ക്ക് സ്വന്തം.
2007 ഏപ്രില്‍ 16ന് അന്താരാഷ്ട്ര ബഹിരകാശനിലയത്തിലെ ട്രെഡ് മില്ലില്‍ ഓടിക്കൊണ്ട് അവര്‍ 2007 ബോസ്റ്റണ്‍ മാരത്തോണിലും പങ്കെടുത്തു.[7] നാലു മണിക്കൂറും 24 മിനിറ്റുമാണ് അവര്‍ അവിടെ ഓടിത്തീര്‍ത്തത്. അങ്ങനെ ആദ്യമായി ബഹിരാകാശത്തു കൂടെ ഭൂമിയെ വലംവെച്ചുകൊണ്ട് മരത്തോണ്‍ മത്സരത്തില്‍ പങ്കെടുത്ത ആദ്യത്തെ വ്യക്തിയായി സുനിത. STS 117 ദൗത്യത്തിലും പങ്കാളിയായ സുനിത 195 ദിവസം ബഹിരാകാശത്തു താമസിച്ചുകൊണ്ട് ഇവര്‍ പുതിയ ഒരു റെക്കാര്‍ഡ് കൂടി സൃഷ്ടിച്ചു. ബഹിരാകാശത്തു ഏറ്റവും കൂടുതല്‍ കാലം താമസിച്ച വനിത. ഇനി വര്‍ത്തമാനകാലത്തെക്കുറിച്ച്, 58 കാരിയായ വില്യംസ്, 61 കാരനായ വില്‍മോറിനൊപ്പം ഇത് മൂന്നാം തവണയാണ് ഇക്കഴിഞ്ഞ ജൂണ്‍ 6 ന് ബഹിരാകാശത്തേക്ക് പറന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലെ ആദ്യത്തെ അംഗമായി ചരിത്രം കുറിച്ചുകൊണ്ടാണീ യാത്ര.. ഫ്‌ലൈറ്റ് ടെസ്റ്റിന്റെ പൈലറ്റ് സുനിത വില്യംസാണ്, വില്‍മോര്‍ ദൗത്യത്തിന്റെ കമാന്‍ഡറും. ബോയിംഗ് കമ്പനിയും നാസയും സംയുക്തമായി നടപ്പാക്കുന്ന സ്റ്റാര്‍ലൈനര്‍ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് എന്ന ബഹിരാകാശ യാത്രാ പരിപാടി വാണിജ്യപരിപാടികള്‍ക്കായിട്ടാണ് വികസിപ്പിച്ചിരിക്കുന്നത്. ഇലോണ്‍ മസ്‌ക്കിന്റെ സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ആണ് ഇതുവരെ വാണിജ്യ ബഹിരാകാശ പര്യവേഷണം നടത്തി വിജയിച്ചിട്ടുള്ളത്. പുതിയൊരു കമ്പിനി കൂടി ഈ രംഗത്തു വരണമെന്ന നാസയുടെ തീരുമാനമാണ് ബോയിങിന് അനുകൂലമായത്.

ബോയിങിന്റെയും നാസയുടെ സംയുക്ത ലാബോറട്ടറിയില്‍ വികസിപ്പിച്ചെടുത്ത സ്റ്റാര്‍ലൈനര്‍ ബഹിരാകാശ വാണിജ്യ വിക്ഷേപണ രംഗത്ത് വന്‍ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. ഈ ദൗത്യം വിജയിച്ചാല്‍, ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് വിടാന്‍ ചരിത്രത്തിലാദ്യമായി അമേരിക്കയ്ക്ക് രണ്ട് ബഹിരാകാശ വാഹനങ്ങള്‍ ഉണ്ടാകും. നിലവില്‍, എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം മാത്രമാണ് അമേരിക്കയിലുള്ളത്. മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടു പോകാനും തിരിച്ചു സുരക്ഷിതമായി ഇറക്കാനുമുള്ള സാങ്കേതിക വിദ്യ വളരെ സാങ്കേതികമായി സ്റ്റാര്‍ലൈനറിനു സാധിക്കും.

കാലിപ്‌സോ എന്ന് പേരിട്ടിരിക്കുന്ന സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന് സ്വന്തമായി പറക്കാനും സ്വമേധയാ നയിക്കാനും കഴിയും. 5 മീറ്റര്‍ ഉയരവും 4.56 മീറ്റര്‍ വ്യാസമുള്ള പേടകത്തിന് ആകെ നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കാന്‍ കഴിയും.കാലിപ്സോ എന്ന പേരില്‍ സ്വന്തം കപ്പലില്‍ ലോകമെമ്പാടും യാത്ര ചെയ്ത പര്യവേക്ഷകനായ ജാക്വസ് കൂസ്റ്റിയോയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ 2019 ല്‍ ക്രൂ ക്യാപ്‌സ്യൂളിന് കാലിപ്‌സോ എന്ന് പേരിട്ടത്. കടലിനെ കുറിച്ച് പഠിക്കുകയും കടലിന്റെ വിസ്മയങ്ങളെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു കൂസ്റ്റോയുടെ ലക്ഷ്യം.

24 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം അടുത്ത ദിവസം അവര്‍ വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) എത്തിയിരുന്നു. നാല് ഹീലിയം ചോര്‍ച്ചയും അതിന്റെ 28 മാനുവറിംഗ് ത്രസ്റ്ററുകളുടെ അഞ്ച് തകരാറുകളും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ space craft ല്‍ നേരിട്ടതിനാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നതിനും അപ്രതീക്ഷിതമായ കാലതാമസമുണ്ടായിരുന്നു. ഇതെല്ലാം പരിഹരിക്കുന്നതോടെ സുനിതാ വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് നാസും ഓപ്പം മലയാളികളും.