കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വരുമ്പോഴേക്ക് നല്ലൊരു സ്‌നാക്‌സ് തയ്യാറാക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നോ ? ഇത് കഴിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആരോഗ്യം കൂടി വേണം എന്നതാണ് അജന്‍ഡയെങ്കില്‍ സംശയിക്കാതെ തയ്യാറാക്കാവുന്നതാണ് ചിക്കന്‍ ബ്രെഡ്.
ചേരുവകൾ
മൈദ -2 1/2 cup
പാല്‍ അരക്കപ്പ്
ഇന്‍സ്റ്റന്റ് യീസ്റ്റ് – 1 സ്പൂണ്
പഞ്ചസാര – 2 സ്പൂണ്
ഉപ്പ്- ആവശ്യത്തിന്
ബട്ടര്‍ – 5 സ്പൂണ്
മുട്ട – ഒന്ന്
എള്ള്
ചൂട് വെള്ളം – ആവശ്യത്തിന്
ചിക്കന്‍ ഫില്ലിംഗ്
ചിക്കന്‍ – കാല്‍ കിലോ
പാല്‍ – അരക്കപ്പ്
കുരുമുളക് പൊടി – ഒരു സ്പൂണ്
ക്യാപ്സികം- ഒന്ന്
സവാള – ഒന്ന്
വെളുത്തുള്ളി – 4 അല്ലി
ഒറിഗാനോ -കാല്‍ സ്പൂണ്
ബട്ടര്‍ – 3 സ്പൂണ്
മൈദ – ഒരു സ്പൂണ്
ഗരം മസാല -അരസ്പൂണ്
ബ്രെഡ് തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാത്രത്തില്‍ മൈദ എടുത്തതിന് ശേഷം അതിലേക്ക് യീസ്റ്റ്, ഉപ്പ്, ഉരുക്കിയ ബട്ടര്‍, മുട്ട, പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തു നല്ലപോലെ ഇളക്കി കുഴച്ച് മാവ് പരുവത്തില്‍ ആക്കുക. പിന്നീട് ഇത് പത്ത് പതിനഞ്ച് മിനിറ്റോളം കുഴച്ചതിന് ശേഷം ഒരു പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി ഒന്നര മണിക്കൂറെങ്കിലും അടച്ചു മാവ് നല്ലതുപോലെ പൊന്തി വരുന്നതിന് വേണ്ടി വെക്കുക. ചിക്കന്‍ ഫില്ലിംഗ് തയ്യാറാക്കുന്നതിന് വേണ്ടി ചിക്കന്‍ എടുത്ത് അതിലേക്ക് ഉപ്പും കുരുമുളകും ചേര്‍ത്തു വേവിച്ചു എല്ല് കളഞ്ഞ് നല്ലതുപോലെ കഷ്ണങ്ങളാക്കി വെക്കുക . ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് വെണ്ണ ഒഴിച്ച് സവാള വെളുത്തുള്ളി എന്നിവ വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് അല്‍പം ക്യാപ്‌സിക്കം മുറുചിട്ട് വഴറ്റിയെടുക്കാം. പിന്നീട് ഇതിലേക്ക് ഒരു സ്പൂണ്‍ മൈദ് ചേര്‍ത്ത് അല്‍പ സമയം ഇളക്ക് നിറം മാറുന്നത് വരെ വെച്ച് പാല്‍ ഒഴിച്ച് കട്ട കെട്ടാതെ ഇളക്കി തീ ഓഫ് ചെയ്യണം. ശേഷം ഇത് വീണ്ടും അടുപ്പില്‍ വെച്ച് ഇതിലേക്ക് ഉപ്പു, കുരുമുളകു പൊടി, ഗരംമസാലപൊടി എന്നിവ ചേര്‍ത്തു അല്‍പ നേരം ചിക്കന്‍ ഇളക്കി അതിന്റെ ഗ്രേവി വറ്റിച്ചെടുക്കണം. പിന്നീട് ഇതിലേക്ക് ഒറിഗാനോ ചേര്‍ക്കാവുന്നതാണ്.
പിന്നീട് ബ്രഡ് തയ്യാറാക്കുന്നതിന് വേണ്ടി പൊന്തിയ മാവ് എടുത്തു അല്‍പ്പം മൈദ ഇട്ട് ഇതിലേക്ക് മാവ് ഇട്ട് കുഴച്ചെടുക്കുക. ഇത് ചതുരത്തില്‍ പരത്തി തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കന്‍ഫില്ലിംഗ് നിറക്കുക. പിന്നീട് കത്തി കൊണ്ട് ബ്രെഡിന് ഇരുവശവും വരഞ്ഞ് വെക്കുക. ഫില്ലിംഗ് നിറച്ചതിന് ശേഷം മുടി പിന്നുന്ന പാകത്തില്‍ ഫില്ലിംഗ് മടക്കി എടുക്കണം. ഇത ബട്ടര്‍പേപ്പറിലേക്ക് മാറ്റി വെച്ചതിന് ശേഷം അതിന് മുകളിലായി എള്ളും മുട്ടയും പാലും ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതവും തേക്കാവുന്നതാണ്. ശേഷം അടികട്ടിയുള്ള ഒരു പാത്രത്തില്‍ അല്‍പം ഉപ്പിട്ട ശേഷം അതിന് മുകളില്‍ ഒരു തട്ട് വെച്ചതിന് ശേഷം ഈ തട്ട് പത്ത് മിനിറ്റോളം ചൂടാക്കണം. ശേഷം ബ്രഡ് വെച്ച പ്ലേറ്റ് ഇറക്കി വെച്ചു, അടച്ചു വെച്ചു, മീഡിയം തീയില്‍ 25 മിനിറ്റ് ബേക്ക് ചെയ്തു എടുക്കാം. നിങ്ങള്‍ ഓവനില്‍ ആണ് ബേക്ക് ചെയ്യുന്നതെങ്കില്‍ ഓവന്‍ പ്രീഹീറ്റ് ചെയ്ത ശേഷം 180°C ല്‍ 20 മിനിറ്റ് ബേക്ക് ചെയ്യാം. ചിക്കന്‍ ബ്രെഡ് തയ്യാര്‍.