മുല്ലപ്പെരിയാര്‍ ഡാമെന്ന് കേട്ടാല്‍ എന്തായിരിക്കും മലയാളിക്ക് ആദ്യം ഓര്‍മ്മ വരുന്നത്. തീര്‍ച്ചയായും, എപ്പോള്‍ പൊട്ടുമെന്ന് കാര്യമാണ് മലയാളിയുടെ മനസിലേക്ക് ഓടി വരുന്നത്. പുതിയതും സുരക്ഷിതവുമായ ഒരു അണക്കെട്ടാണ് കേരളത്തിനും, നമ്മുടെ ജനതയ്ക്കും ആവശ്യം. പുതിയ ഡാം പണിയണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടില്ല. സംസ്ഥാനങ്ങള്‍ തമ്മില്‍ തീരുമാനിച്ച് വിഷയത്തില്‍ ഒരു സമവായം കണ്ടെത്താനാണ് സുപ്രീം കോടതി കേസ് പരിഗണിക്കവേ പറഞ്ഞിരിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ കേസ് വാദിക്കാനായി പ്രശസ്തരായ വക്കീലന്മാരെയാണ് നിയോഗിച്ചിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തിന് അനുകൂലമായ വിധിയുണ്ടായോയെന്ന് ചോദിച്ചാല്‍ സത്യം പറഞ്ഞാല്‍ മുക്കത്ത് കൈവെയ്‌ക്കേണ്ട അവസ്ഥയാണ്. എന്താണ് നടക്കുന്നതെന്ന കാര്യത്തില്‍ ജനത്തിന് പ്രത്യേകമായ ഒരു അറിവുമില്ല. എന്നാല്‍ വക്കീലന്മാര്‍ക്കും കേസുകള്‍ക്കുമായി കേരളം ചെലവാക്കുന്ന തുക കേട്ടാല്‍ ഞെട്ടും, അതു തീര്‍ച്ച.
മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് വിവിധ കേസുകള്‍ക്കായി സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 6,79,43,208 രൂപ. വക്കീല്‍ ഫീസിനത്തില്‍ മാത്രം 5,42,82,851 ചെലവഴിച്ചു. 2010 ജനുവരി ഒന്നു മുതല്‍ 2024 മാര്‍ച്ച് 31വരെയുള്ള പതിനാല് വര്‍ഷത്തെ കണക്കാണ് വിവരാവകാശ പ്രകാരം ലഭിച്ചത്. ഒരോ സിറ്റിങിനും വന്‍ തുക നല്‍കിയാണ് സുപ്രീംകോടതിയില്‍ വക്കീലന്മാരെ സംസ്ഥാനം മുല്ലപ്പെരിയാര്‍ കേസുകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. അന്തര്‍ സംസ്ഥാന ജല തര്‍ക്കമായതിനാല്‍ മികച്ച വക്കീലന്മാരെയാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ കേസ് ഏല്‍പ്പിച്ചിരിക്കുന്നത്. ഒരോ വര്‍ഷത്തെയും ബജറ്റില്‍ ഒരു തുക വകയിരുത്തുന്ന പതിവ് ഉണ്ട്.
2024-25 സാമ്പത്തിക വര്‍ഷത്തിലേക്ക് 8,67,100 രൂപ ബജറ്റ് നീക്കിയിരിപ്പുണ്ട്. ഇതുവരെ വക്കീലന്മാര്‍ക്കോ മറ്റു വ്യക്തികള്‍ക്കോ ചെലവിനോ യാതൊരു കുടിശികയും വരുത്താതെയാണ് സുപ്രീം കോടതിയില്‍ കേസ് നടത്തുന്നത്. പൊതുപ്രവര്‍ത്തകന്‍ രാജു വാഴക്കാലയാണ് വിവരാവകാശ നിയമം പ്രകാരം ചോദ്യങ്ങള്‍ ചോദിച്ചത്.
2010 ജനുവരി ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ വക്കീല്‍ ഫീസിനും മറ്റു അനുബന്ധ ചിലവുകള്‍ക്കുമായി 6,79,43,208 ചെലവഴിച്ചിട്ടുണ്ട്.
വക്കീല്‍ ഫീസ്-5,42,82,851
ട്രാവല്‍ അലവന്‍സ് (T.A) 60,78,369
എപവേര്‍ഡ് കമ്മിറ്റി-59,16,488
ഹോണറേറിയം- 16,65,500
ഇക്കാലയളവില്‍ മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരായ വക്കീലന്മാരുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
ഹരീഷ്.എന്‍.സാല്‍വേ, ജി.പ്രകാശ്, മോഹന്‍.വി.കട്ടാര്‍ക്കി, രാജീവ് ധവാന്‍, അപരാജിത സിംഗ്, വി.ഗിരി, രമേഷ് ബാബു.എം.ആര്‍, പി.പി.റാവു, ഗായത്രി ഗോസ്വാമി, ജയദീപ് ഗുപ്ത.
സുപ്രീം കോടതിയില്‍ ഒരു സിറ്റിങിന് ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീലന്മാരാണ് കേരളത്തിനു വേണ്ടി മുല്ലപ്പെരിയാര്‍ വിഷയം കൈകാര്യം ചെയ്തത്. എന്നിട്ടും ഇക്കഴിഞ്ഞ 24 വര്‍ഷമായി മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് അനുകൂലമായ ഒരു വിധി, അതായത് പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും വിധിയായി വാങ്ങാന്‍ കേരളത്തിന്റെ കോടി കിലുക്കമുള്ള ഈ വക്കീലന്മാര്‍ക്ക് സാധിച്ചില്ല.
വക്കില്‍ ഫീസിനത്തില്‍ ഓരോരുത്തരും കൈപ്പറ്റിയ തുക ചുവടെ ചേര്‍ക്കുന്നു.
1. ഹരീഷ് എന്‍. സാല്‍വേ- 2,42,96,350
2. മോഹന്‍ വി.കട്ടാര്‍ക്കി- 1,24,65,098
3. രാജീവ് ധവാന്‍-1,00,65,000
4. വി. ഗിരി-27,60,000
5. രമേഷ് ബാബു എം.ആര്‍-20,76,854
6. ജി. പ്രകാശ്-1179549
7. അപരാജിത് സിംഗ്-6,05,000
8. ഗായത്രി ഗോ സ്വാമി-4,50,000
9. പി.പി. റാവൂ-2,75,000
10 ജയദീപ് ഗുപ്ത-1,10,000
നിലവില്‍ വക്കീല്‍ ഫീസ് ഇനത്തില്‍ കുടിശ്ശിക ഒന്നുമില്ലെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.