മൃതശരീരങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ ജീവന്‍ തുടിക്കുന്ന കുഞ്ഞു കൈകള്‍ ആരുടേതെന്നറിയില്ല. രക്ഷിക്കണേ എന്ന നിലവിളികള്‍ എങ്ങും മുഴങ്ങിക്കേള്‍ക്കുന്ന ഇടം. ഇടംവലം ശത്രുക്കളുടെ തോക്കിന്‍ കുഴലുകള്‍. പിഞ്ചു കുഞ്ഞുങ്ങളുടെ കഴുത്തറുക്കുന്നതു, മുതല്‍ സ്ത്രീകളെ ഭോഗിച്ചു കൊല്ലുന്നതിന്റെ നീറ്റലില്‍ നിശബ്ദം തേങ്ങുകയാണ് ഒരു രാജ്യം. ഇതാ ഒരു ബലി പെരുനാള്‍ കൂടി വന്നിരിക്കുന്നു. ആഘോഷങ്ങള്‍ക്കെല്ലാം അവധി നല്‍കി കൂട്ട മരണത്തിന്റെ നടുവില്‍ വാവിട്ട്, ജീവനു വേണ്ടി യാചിക്കുകയാണവര്‍. മിസൈല്‍ വീണ് മണ്‍കൂനകളായി മാറിയ നഗരങ്ങളില്‍ ഉറ്റവരുടെയും ഉടയവരുടെയും ശവശരീരങ്ങള്‍ തേടുന്ന പാലസ്തീന്‍ ജനത.
ഗാസ എന്നൊരു നഗരമുണ്ടായിരുന്നു. അത് ഇന്നൊരു ശ്മശാന ഭൂമി മാത്രമാണ്. അധിനിവേശ കഴുകന്‍മാരുടെ കൂടായി മാറിയ നരകം. കൊന്നു തീര്‍ത്തതെല്ലാം ഭാവി തലമുറയെയാണെന്ന് ഐക്യരാഷ്ട്ര സഭയ്ക്കു വരെ ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ട് ഇസ്രയേലിനോട് ഈ ഏകപക്ഷീയ യുദ്ധം നിര്‍ത്തിവെയ്ക്കാന്‍ ലോകം പറയുന്നില്ല. പാലസ്തീന്‍ അത്രയ്ക്കും വെറുക്കപ്പെടേണ്ടതുണ്ടോ. ഗസയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുമ്പോള്‍ ഈ ബലിപ്പെരുനാള്‍ കാലത്ത് അവിടെ നിന്നും കേള്‍ക്കുന്നത് പട്ടിണിയുടെയും പരിവട്ടങ്ങളുടെയും ആര്‍ത്ത നാദങ്ങളാണ്.
ഇസ്രായേല്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തില്‍ പട്ടിണിയിലായ ഗസയിലെ 50,000 കുട്ടികള്‍ക്ക് പോഷകാഹാര കുറവിന് അടിയന്തര ചികിത്സ വേണമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഏജന്‍സി, കഴിഞ്ഞശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍ നടപടികള്‍ മൂലം ഗസയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഏജന്‍സി അറിയിച്ചു. ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
എന്നാല്‍, വിനാശകരമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്നും യു.എന്‍ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. ഗസയിലേക്ക് സഹായമെത്തിക്കുന്നതില്‍ മാത്രമല്ല, അത് വിതരണം ചെയ്യുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ടെന്ന് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറയുന്നു. മറ്റുള്ള യുദ്ധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ഗസയിലെ യുദ്ധത്തിലാണെന്നും യുനിസെഫ് വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം 10,000 കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കിന് അനുമതി ലഭിച്ചില്ലെന്നും യുനിസെഫ് അറിയിച്ചു.
ഈ യുദ്ധം എന്നാണ് അവസാനിക്കുന്നത്. ഇസ്രേയേലിന്റെ അധിനിവേശത്തില്‍ ആഹ്ലാദിക്കുന്നവര്‍ രക്തദാഹികളായ കഴുകന്‍മാര്‍ മാത്രമാണ്. ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന ലോകത്ത് വിഭവ സമൃദ്ധമായ ഭക്ഷണവും പാനീയങ്ങളും നിരന്നിരിക്കുന്ന തീന്‍മേശയില്‍ ഇരിക്കുന്നവര്‍ക്ക് ഗാസയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഓര്‍ക്കാനാവുമോ. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കെഞ്ചുന്ന കുഞ്ഞുങ്ങളും വൃദ്ധരുമുണ്ട്. മിസൈലുകള്‍ വീണ് മരുഭൂമിയായ നഗരങ്ങളില്‍ ഭീതിയോടെ കഴിയുന്ന മാതാപിതാക്കളുണ്ട്. കൈ മുറിഞ്ഞവര്‍, തലയറുത്തു മണ്ണില്‍ വീഴുന്നവര്‍, കാലുകള്‍ ഛേദിക്കപ്പെട്ടവര്‍ അങ്ങനെ ശ്മശാന മൂകമായ ഇടങ്ങളില്‍ പട്ടിണിയുടെ മണം മാത്രം.
മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കന്‍ തീരത്തുള്ള ഒരു സ്വയംഭരണാധികാരമുള്ള അസ്തിത്വമാണ് ഗാസ സ്ട്രിപ്പ് കിഴക്കും വടക്കും ഇസ്രായേല്‍ (51 കിലോമീറ്റര്‍) എന്നിവയാണ് അതിര്‍ത്തികള്‍. 2007 മുതല്‍ ഈ പ്രദേശം പ്രായോഗികതലത്തില്‍ ഹമാസ് എന്ന സായുധ സംഘടനയാണ് ഭരിക്കുന്നത്. 2012 മുതല്‍ ഐക്യരാഷ്ട്രസഭ ഈ പ്രദേശം പലസ്തീന്‍ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നു. റാമള്ളായിലെ പലസ്തീനിയന്‍ ഭരണകൂടം ഈ പ്രദേശത്തിന്റെ മേല്‍ അധികാരം അവകാശപ്പെടുന്നുണ്ടെങ്കിലും ഹമാസ് അവകാശപ്പെടുന്നത് പലസ്തീനിയന്‍ അഥോറിറ്റിയുടെ അധികാരം തങ്ങള്‍ക്കാണ് ലഭിക്കേണ്ടതെന്നാണ്. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സമരസപ്പെട്ട് മുന്നോട്ടുപോകാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല.
ഗാസയിലെ പലസ്തീന്‍ ജനതയുടെ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്. വാര്‍ഷിക ജനസംഖ്യാവര്‍ദ്ധനവ് ഏകദേശം 3.2 ശതമാനമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യാവര്‍ദ്ധനയുള്ള രാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ് ഈ പ്രദേശം. ഈ പ്രദേശത്തിന്റെ നീളം 41 കിലോമീറ്ററും വീതി 6 മുതല്‍ 12 വരെ കിലോമീറ്ററുമാണ്. ആകെ വിസ്തീര്‍ണ്ണം 365 ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യ 17 ലക്ഷത്തോളവും. 1948ലെ യുദ്ധം അവസാനിച്ചതോടെയാണ് ഗാസ സ്ട്രിപ്പിന്റെ വടക്കും കിഴക്കുമുള്ള അതിര്‍ത്തികള്‍ രൂപപ്പെട്ടത്. ഇത് ഇസ്രായേലും ഈജിപ്റ്റും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറനുസരിച്ച് 1949 ഫെബ്രുവരി 24ന് അംഗീകരിക്കപ്പെട്ടു.
ഒത്തു തീര്‍പ്പിന്റെ അഞ്ചാം ആര്‍ട്ടിക്കിള്‍ ഈ അതിര്‍ത്തി ഒരു അന്താരാഷ്ട്ര അതിര്‍ത്തിയാകില്ല എന്ന് വ്യവസ്ഥ ചെയ്തിരുന്നു. ആദ്യം ഗാസ സ്ട്രിപ്പിന്റെ ഭരണം നടത്തിയിരുന്നത് 1948ല്‍ അറബ് ലീഗ് സ്ഥാപിച്ച പാലസ്തീന്‍ ഭരണകൂടമായിരുന്നു. ഈജിപ്റ്റിന്റെ സൈനിക നിയന്ത്രണത്തിന്‍ കീഴില്‍ ഒരു പാവ സര്‍ക്കാര്‍ എന്ന നിലയിലായിരുന്നു ഈ ഭരണകൂടം പ്രവര്‍ത്തിച്ചിരുന്നത്. ഇത് ഐക്യ അറബ് റിപ്പബ്ലിക്കുമായി ലയിക്കുകയും പിന്നീട് 1959ല്‍ പിരിച്ചുവിടപ്പെടുകയും ചെയ്തു. ഇതിനുശേഷം 1967 വരെ ഇവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്ഷ്യന്‍ സൈനിക ഗവര്‍ണറായിരുന്നു. ഇസ്രായേല്‍ 1967ല്‍ ആറു ദിന യുദ്ധത്തിലൂടെ ഈ പ്രദേശം ഈജിപ്റ്റില്‍ നിന്ന് പിടിച്ചെടുത്തു. 1993ല്‍ ഒപ്പുവച്ച ഓസ്ലോ കറാറിന്റെ അടിസ്ഥാനത്തില്‍ പാലസ്തീന്‍ ജനതയുടെ ആവാസകേന്ദ്രങ്ങളുടെ ഭരണം പലസ്തീനിയന്‍ അഥോറിറ്റിക്ക് നല്‍കപ്പെട്ടു.
ആകാശം, ജലം അതിര്‍ത്തി കടക്കുന്ന സ്ഥാനങ്ങള്‍ എന്നിവയുടെ നിയന്ത്രണം ഇസ്രായേല്‍ തുടര്‍ന്നും കൈവശം വച്ചു. ഈജിപ്റ്റുമായുള്ള കര അതിര്‍ത്തിയുടെ നിയന്ത്രണവും ഇസ്രായേലിന്റെ കൈവശമായിരുന്നു. 2005-ല്‍ ഇസ്രായേല്‍ ഗാസ സ്ട്രിപ്പില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങി. 2006-ലെ പലസ്തീനിയന്‍ തിരഞ്ഞെടുപ്പും ഹമാസിന്റെ പിടിച്ചടക്കലിനും ശേഷം 2007 ജൂലൈമുതല്‍ ഹമാസ് ഗാസ സ്ട്രിപ്പിന്റെ പ്രായോഗിക ഭരണം കൈവശം വച്ചുവരുന്നു. പലസ്തീന്‍ ഭരണകൂടം ഗാസയുടെ നിയന്ത്രണം അവകാശപ്പെടുന്നുണ്ടെങ്കിലും ഐക്യത്തിനായുള്ള സംഭാഷണങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല.
2014ലെ യുദ്ധത്തിനും 2021ലെ പ്രതിസന്ധിക്കും ശേഷം ഹമാസ് ഇസ്രായേല്‍ ആക്രമണത്തിന് പദ്ധതിയിടാന്‍ തുടങ്ങി. 2022ല്‍, നെതന്യാഹു ഒരു കടുത്ത വലതുപക്ഷ ഗവണ്‍മെന്റിന്റെ തലപ്പത്തിരിക്കുന്നതിനിടയില്‍ അധികാരത്തില്‍ തിരിച്ചെത്തി, ഇത് ഇസ്രായേലില്‍ വലിയ രാഷ്ട്രീയ കലഹത്തിനും ഫലസ്തീന്‍ പ്രദേശങ്ങളിലെ ഏറ്റുമുട്ടലിനും കാരണമായി. ഇത് 2023ലെ ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കലാശിച്ചു. ഹമാസിന്റെ നേതൃത്വത്തിലുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ ഗാസാ മുനമ്പില്‍ നിന്ന് തെക്കന്‍ ഇസ്രായേലില്‍ അപ്രതീക്ഷിത ആക്രമണം നടത്തി 1,200ല്‍ അധികം ഇസ്രായേലി സിവിലിയന്‍മാരെയും സൈനികരെയും കൊല്ലുകയും ബന്ദികളാക്കുകയും ചെയ്തു.
തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം ഗാസയില്‍ വ്യാപകമായ വ്യോമാക്രമണം നടത്തി. ഹമാസിനെ നശിപ്പിക്കുകയും ഗാസയിലെ സുരക്ഷ നിയന്ത്രിക്കുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ വലിയ തോതിലുള്ള കര ആക്രമണം നടത്തി. സിവിലിയന്മാരും പോരാളികളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഫലസ്തീനികളെ ഇസ്രായേല്‍ കൊന്നൊടുക്കുകയും ഏകദേശം രണ്ട് ദശലക്ഷം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് ദക്ഷിണാഫ്രിക്ക ആരോപിക്കുകയും ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
1948ലെ വംശഹത്യ കണ്‍വെന്‍ഷന് വിരുദ്ധമായ ഏതെങ്കിലും പ്രവൃത്തികള്‍ തടയാന്‍ ഇസ്രായേല്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. വെസ്റ്റ് ബാങ്കിലെ പ്രാദേശിക മിലിഷ്യകളുമായും ലെബനനിലെയും വടക്കന്‍ ഇസ്രായേലിലെയും ഹിസ്ബുള്ളയുമായും സിറിയയിലെ ഇറാന്റെ പിന്തുണയുള്ള മറ്റ് സൈനികരുമായും ഇസ്രായേല്‍ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള മിലിഷ്യകളും അമേരിക്കയുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടു. ഹൂതികള്‍ പ്രതിഷേധ സൂചകമായി ചെങ്കടല്‍ ഉപരോധിച്ചു. യെമനില്‍ വ്യോമാക്രമണത്തിലൂടെ അമേരിക്ക പ്രതികരിച്ചു. യുദ്ധം ഇപ്പോഴും തുടരുകയാണ്.
ഇസ്രായേലിലേക്ക് കടന്നു കയറിയുള്ള ഹമാസിന്റെ പെട്ടെന്നുള്ള ആക്രമണത്തിന് പിന്നില്‍ മൂന്നുകാരണങ്ങളുണ്ടെന്നാണ് അല്‍ ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സ്വന്തമെന്ന് അവകാശപ്പെടുന്ന ഈസ്റ്റ് ജറുസലേമിലെ അല്‍ അഖ്‌സ മുസ്ലീം പള്ളിയുടെ പേരില്‍ വര്‍ഷങ്ങളായുള്ള തര്‍ക്കമാണ് സമീപകാലത്ത് ഇവിടെയുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതെന്നാണ് ഒരു കാരണം. അല്‍ അഖ്‌സ പള്ളിയുടെ നാമത്തില്‍ ‘അല്‍ അഖ്സ സ്റ്റോം’ എന്ന പേരിലാണ് ഹമാസിന്റെ ഓപ്പറേഷന്‍. ‘സ്വോര്‍ഡ്‌സ് ഓഫ് അയണ്‍’ എന്ന പേരിലാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം.