മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ച സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അഭിനേത്രി പാര്‍വതി തിരുവോത്ത്. നടിയെ ആക്രമിച്ച കേസില്‍ അമ്മയ്ക്കുള്ളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഗീതു മോഹന്‍ദാസ്, പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജി വച്ചതിന് പിന്നാലെ 2020ല്‍ ആയിരുന്നു പാര്‍വതിയും രാജി വെച്ചത്. രാജിവെച്ചതില്‍ പശ്ചാത്താപമില്ലെന്ന് പാര്‍വതി പറഞ്ഞു. താന്‍ വളരെയധികം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു രാജി എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. മനോരമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
‘എല്ലാ തീരുമാനങ്ങളും ചിന്തിച്ചും ആലോചിച്ചുമാണ് ഞാന്‍ എടുത്തത്. അവര്‍ എന്താ അത് ചെയ്യാത്തത് എന്ന് ചോദിക്കുന്നത് ഞാന്‍ നിര്‍ത്തി. ഞാന്‍ എന്ത് ചെയ്യുന്നു എന്നേ ഞാന്‍ നോക്കുന്നുള്ളു. തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് ഒരു പശ്ചാത്താപവുമില്ല. ഏറ്റവും നല്ല കാര്യം എന്താണെന്നാല്‍, നിങ്ങള്‍ ഒരു മാറ്റമായി മാറുക എന്നതാണ്. ഞാന്‍ അതാണ് പ്രാവര്‍ത്തികമാക്കുന്നത്. വിമര്‍ശനങ്ങളൊക്കെ പ്രധാനമാണ് ഒരു പരിധി വരെ’ പാര്‍വതി പറഞ്ഞു.
അതേസമയം ഉള്ളൊഴുക്കാണ് പാര്‍വതിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഉള്ളൊഴുക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മാണം. ജൂണ്‍ 21ന് ചിത്രം തിയേറ്ററില്‍ റിലീസിനെത്തും. നിഗൂഢതകള്‍ നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലറും ടീസറും എല്ലാം ശ്രദ്ധ നേടിയിരുന്നു.