‘മതം, സംസ്കാരം, ഗ്ലോബൽ ബയോഎത്തിക്സ്’ പ്രമേയത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര ബയോ എത്തിക്സ് കോൺഗ്രസിന്റെ 17ാം പതിപ്പിന് ദോഹ വേദിയായി. ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസറിന്റെ സാന്നിധ്യത്തിൽ ആരംഭിച്ച സമ്മേളനം രണ്ട് ദിവസം നീണ്ടു. ഇതാദ്യമായാണ് അന്താരാഷ്ട്ര ബയോ എത്തിക്സ് സമ്മേളനം അറബ് ലോകത്ത് എത്തുന്നത്.
ഹമദ് ബിൻ ഖലീഫ സർവകലാശാലയുടെ ഇസ്ലാമിക് ലെജിസ്ലേഷൻ ആൻഡ് എത്തിക്സ് റിസർച് സെന്ററും ഖത്തർ ഫൗണ്ടേഷന്റെ ആഗോള ആരോഗ്യ സംരംഭമായ വേൾഡ് ഇന്നവേഷൻ സമ്മിറ്റും (വിഷ്) ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ധാർമിക വെല്ലുവിളിയാണെന്നും ശാസ്ത്രം ഏറെ മുന്നോട്ടു പോയ കാലഘട്ടത്തിൽ ധാർമിക അപചയം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും എച്ച്.ബി.കെ.യു പ്രസിഡന്റ് ഡോ. അഹ്മദ് എം. ഹസ്ന പറഞ്ഞു. ധാർമിക ചർച്ചകൾക്കും നയരൂപവത്കരണങ്ങൾക്കും വൈവിധ്യമാർന്ന വീക്ഷണങ്ങൾ സ്വീകരിക്കണമെന്ന് പ്രാരംഭ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.