അരം പ്ലസ് അരം കിന്നരം എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ അനശ്വരമാക്കിയ ഒരു കഥാപാത്രമാണ് പ്രൊപ്രൈറ്റര്‍ മനോഹരന്‍. അദ്ദേഹത്തിന്റെ വര്‍ക്ക്‌ഷോപ്പിന്റെ പേരാണ് K&K ഓട്ടോ മൊബാല്‍സ്. പണി അറിഞ്ഞൂടാത്ത കുറേ പണിക്കാരും, അവര്‍ക്കൊരു നാഥനും അതാണ് മനോഹരന്‍. ഏതാണ്ടൊക്കെ സമമായൊരു സംവിധാനമാണ് കേരളത്തിലെ KSRTCയും അതിന്റെ പ്രൊപ്രൈറ്ററായ മന്ത്രി ഗണേഷ് കുമാറും. പണി അറിയാവുന്ന പണിക്കാരുണ്ടെങ്കിലും, പണിതു പണിത് കടക്കെണിയിലായ KSRTCയെ എങ്ങനെയൊക്കെ രക്ഷിക്കാമെന്ന് തലപുകയ്ക്കുന്ന നല്ല അസ്സല്‍ പ്രൊപ്രൈാറ്ററാണ് ഗണേഷ്‌കുമാര്‍.
അങ്ങനെ പ്രൊപ്രൈറ്ററുടെ തലയില്‍ ഉദിച്ച ബുദ്ധിയാണ് ‘ഡ്രൈവിംഗ് സ്‌കൂള്‍’ പദ്ധതി. KSRTCയില്‍ ചൊറിയും കുത്തിയിരിക്കുന്നവരെ ഇങ്ങനെയെങ്കിലും ഉപയോഗിക്കാമല്ലോ എന്ന് ചിന്തിച്ചതില്‍ തെറ്റില്ലെന്നാണ് ജനങ്ങലുടെ പക്ഷം. എന്നാല്‍, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട പുതുക്കിയ സര്‍ക്കുലറിനെതിരെ ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യു വീണ്ടും സമരവുമായി രംഗത്തിറങ്ങിയിരിക്കെ എന്താകും പരിണിത ഫലമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല.
നാട്ടിലെ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്നവരുടെ വയറ്റത്തടിക്കുന്ന സംവിധാനമാണ് ഗണേഷ്‌കുമാര്‍ കൊണ്ടുവരുന്നത്. ഡ്രൈവിംഗ് സ്‌കൂളുകാര്‍ ഇടഞ്ഞാല്‍ ടെസ്റ്റ് നടത്താന്‍ ബദല്‍ മാര്‍ഗം എന്ന നിലയിലാണ് KSRTCയെ ഇതിലേക്ക് പ്രൊപ്രൈറ്റര്‍ ഗണേഷ്‌കുമാര്‍ വലിച്ചിട്ടിരിക്കുന്നത്. അങ്ങനെ കെ.എസ്.ആര്‍.ടി.സിയുടെ കീഴിലുള്ള ആദ്യ ഡ്രൈവിംഗ് സ്‌കൂള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ആനയറയിലെ സ്വിഫ്റ്റിന്റെ ആസ്ഥാനത്താണ് കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ ഡ്രൈവിംഗ് സ്‌കൂള്‍. ഡ്രൈവിംഗ് സ്‌കൂളിലേക്ക് ആദ്യം എത്തുന്നത് ഒരു ആള്‍ട്ടോ കാറും, രണ്ട് ഇരുചക്ര വാഹനങ്ങളുമാണ്.
ഇത് കെ.എസ്.ആര്‍.ടി.സി വാങ്ങിയിട്ടുണ്ട്. അട്ടക്കുളങ്ങരയിലെ സ്റ്റാഫ് ട്രെയിനിങ് സ്‌കൂളില്‍ അപേക്ഷകര്‍ക്ക് പരിശീലനവും ടെസ്റ്റ് സ്വിഫ്റ്റിന്റെ അസ്ഥാനത്ത് നടത്താനുമാണ് നിലവിലെ തീരുമാനമെന്ന് അട്ടക്കുളങ്ങരയിലെ സ്റ്റാഫ് ട്രെയിനിംഗ്് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. പരിഷ്‌ക്കരിച്ച രീതിയിലുള്ള ഗ്രൗണ്ടില്‍ ടെസ്റ്റ് നടത്തുന്നതിന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ പഴയ രീതിയിലുള്ള എച്ച്, എട്ട് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ഗ്രൗണ്ടാണ് സജ്ജമാക്കുക. ഇത് ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ഇടഞ്ഞതോടെയാണ് കെ.എസ്.ആര്‍.ടി.സി സ്വന്തമായി ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ സ്വന്തം സ്ഥലത്താണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നത് എന്നതിനാല്‍ ചെലവും കുറയും എന്നതും പ്രധാന നേട്ടമാണ്. നിലവിലെ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞാല്‍ അത് മോട്ടോര്‍ വാഹന വകുപ്പിനും ഗുണകരമാകും.
ഗ്രൗണ്ട് ടെസ്റ്റ് നിലവിലെ എച്ച് ടെസ്റ്റില്‍ നിന്ന് മാറി ആംഗുലാര്‍ പാര്‍ക്കിങ്, സിഗ് സാഗ്, കയറ്റത്തില്‍ നിര്‍ത്തി മുന്നോട്ടെടുക്കക, റിവേഴ്സ് പാര്‍ക്കിങ് അടക്കമുള്ള സംവിധാനങ്ങളോടു കൂടി ഗ്രൗണ്ടുകള്‍ സജ്ജമാക്കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. മാത്രമല്ല പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുമെന്നും 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ ടെസ്റ്റ് ബഹിഷ്‌കരണ സമരവുമായി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ രംഗത്തെത്തിയതോടെ സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുള്ള കേന്ദ്രങ്ങളില്‍ പ്രതിദിനം 40 വീതം 80 ടെസ്റ്റുകള്‍ നടത്താനും വാഹനങ്ങളുടെ പഴക്കം 18 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ പുതുക്കിയ സര്‍ക്കുലറിലെ ടെസ്റ്റ് നടക്കുമ്പോള്‍ അംഗീകൃത ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ഗ്രൗണ്ടില്‍ ഉണ്ടാകണമെന്ന നിര്‍ദേശത്തിനെതിരെ ഇപ്പോഴും ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ വീണ്ടും സമരം നടക്കുകയാണ്.
ജീവനക്കാര്‍ക്ക് കുത്യമായി ശമ്പളം നല്കാന്‍ പോലുമാകാത്ത നിലയില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് കെ.എസ്.ആര്‍.ടി.സിയുടെ കീഴില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ 22 യൂണിറ്റുകളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാനാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ 11ഡ്രൈവിംഗ് സ്‌കൂളുകളും രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ളവയും സജ്ജമാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.