ചെന്നൈ നഗരവുമായി തനിക്കുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് സംസാരിക്കുന്ന മോഹന്‍ലാലിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍
വൈറലാകുന്നത്. ബിഗ് ബോസ് ഷോയമായി ബന്ധപ്പെട്ട് ചിത്രീകരിച്ച ഒരു പ്രൊമോയിലാണ് ചെന്നെയെക്കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് നടക്കുന്നത് ചെന്നൈയില്‍ വച്ചാണ്. അതുകൊണ്ടാണ് ചെന്നൈ നഗരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ മോഹന്‍ലാല്‍ ഏഷ്യാനെറ്റ് പ്രമോയില്‍ പങ്കുവെച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സ് ഗ്രാന്‍ഡ്ഫിനാലയുടെ ഭാഗമായി ചെന്നൈയിലുളള ഇവിപി ഫിലിം സെറ്റിയിലായിരുന്നു മോഹന്‍ലാല്‍.
‘നാലര പതിറ്റാണ്ട് പിന്നിടുന്ന ചലച്ചിത്രയാത്രയിലും വ്യക്തിജീവിതത്തിലും എനിക്കേറെ വൈകാരിക ബന്ധമുള്ള ചെന്നൈ മഹാനഗരം. നാടോടിക്കാറ്റിലൂടെ ദാസനും വിജയനും പ്രേക്ഷക മനസ്സിലേക്ക് നീന്തി കയറിയ ഏലിയറ്റ് ബീച്ചിലെ കാജ് ഷ്മിത്ത് സ്മാരകം, എത്രയെത്ര മനോഹര ചലച്ചിത്ര കാവ്യങ്ങള്‍ക്ക് ഈറ്റില്ലമായ എവിഎം സ്റ്റുഡിയോ.. അങ്ങനെ എത്രയോ ചരിത്ര ബിംബങ്ങള്‍. ഇപ്പോള്‍ രാവണയുമീ നേരത്ത് ഈ വെളിച്ചതുരുത്തുകള്‍ ചേതോഹരമാക്കിയ ചെന്നൈ മഹാനഗരത്തെ സാക്ഷിയാക്കി ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ കലാശപോരാട്ടം. നാളിതുവരെ ഒരു നിയോഗമായി ഈ കളിയരങ്ങില്‍ സാന്നിധ്യമായ ഞാനും കാത്തിരിക്കുകയാണ്, നിമിഷങ്ങളെണ്ണി, നിങ്ങള്‍ക്കൊപ്പം. ആരാവും അന്തിമവിജയി?,’ ഇതായിരുന്നു പ്രൊമോയിലെ വാക്കുകള്‍.
സമകാലിക മലയാള സിനിമയില്‍ ബെംഗളൂരുവിനെ പലപ്പോഴും സാഹസികതയുടെ നഗരമായി ചിത്രീകരിച്ചിട്ടുണ്ട്. 100 ഡേയ്സ് ഓഫ് ലവ്, ബാംഗ്ലൂര്‍ ഡേയ്സ് തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ ബെംഗളൂരുവിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്, കൂടുതലും ജോലി അന്വേഷിച്ച് പോകുന്ന മലയാളികളെയായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാല്‍ ബെംഗളൂരു സ്വപ്നങ്ങളുടെ നാടാകുന്നതിന് മുമ്പ്, നിരവധി മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ മെട്രോ നഗരമായ ചെന്നൈ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാടായി പലപ്പോഴും ചിത്രീകരിക്കപ്പെട്ടിരുന്നു.