മലയാള സിനിമാ പ്രേമികളുടെ ഇടയില്‍ വളരെ പെട്ടന്ന് തന്നെ ഇടം പിടിച്ച ഒരു സംവിധായകനാണ് ചിദംബരം. ചിദംബരത്തിന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ചിദംബരം തന്നെയാണ് ഈ ചിത്രം പങ്കിട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടുതന്നെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്ത് ക്യൂട്ടാണ്, ക്യൂട്ട് കുട്ടന്‍, ദി ഡയറക്ടര്‍, ഡയറക്ടര്‍ വിത്ത് സ്വാഗ് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
മലയാളസിനിമയിലെ ഏറ്റവും താരപരിവേഷമുള്ള സംവിധായകനായി മാറിയിരിക്കുകയാണ് ചിദംബരം. മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ സംവിധായകന്‍ എന്ന റെക്കോര്‍ഡ് ചിദംബരത്തിനു സ്വന്തമാണ്. 242 കോടി രൂപയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് ഇതുവരെ കളകറ്റ് ചെയ്തിരിക്കുന്നത്. ചിദംബരത്തിന്റെ സഹോദരന്‍ ഗണപതിയും മലയാളികള്‍ക്ക് സുപരിചിതനാണ്. അസോസിയേറ്റ്‌സ് ഡയറക്ടറായും മറ്റും നിരവധി സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സതീഷ് പൊതുവാളിന്റെ മകനാണ് ചിദംബരം. ചിദംബരം സംവിധാനത്തില്‍ തിളങ്ങുമ്പോള്‍ ഗണപതി നടനെന്ന രീതിയിലാണ് ശ്രദ്ധ കവരുന്നത്. ബാലതാരമായിട്ടാണ് ചിദംബരവും ഗണപതിയും തങ്ങളുടെ യാത്ര തുടങ്ങുന്നത്. കുട്ടിക്കാലത്തു തന്നെ ചിദംബരം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി പ്രവത്തിച്ചു. പിന്നീട് ഒട്ടേറെ സീരിയലുകളില്‍ ബാലതാരമായും പ്രവര്‍ത്തിച്ചു.
ചിദംബരം രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2024-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പറവ ഫിലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കൂട്ടം സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള കഥയില്‍ ഒരാള്‍ ഗുണ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയപ്പോള്‍ അവരുടെ അവധിക്കാലം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്ന കഥയാണ് സിനിമ പറയുന്നത്.