തിരുവനന്തപുരം: തെരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് പിന്നാലെ ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ നീക്കങ്ങളിലേക്ക് സിപിഎം കടക്കുന്നത്. പാർട്ടി വോട്ടിൽ പോലും ചോർച്ചയുണ്ടായതായാണ് വിലയിരുത്തൽ.
തിരുത്തൽ നടപടികൾക്ക് മാർഗരേഖ ഉണ്ടാക്കാനാണ് പാർട്ടിയുടെ തീരുമാനം. സംസ്ഥാന കമ്മിറ്റിയിലെ ചർച്ച വിശദമായി കേട്ട ശേഷമാവും തുടർനടപടി. സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാർഗരേഖ അന്തിമമാക്കും.
പാർട്ടി കോട്ടകളിൽ പോലും ഇടതുസ്ഥാനാർത്ഥികൾ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് സർക്കാർ ജീവനക്കാരിൽ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നും പാർട്ടി വിലയിരുത്തുന്നു.
കനത്ത തിരിച്ചടിക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്ന വാദം ഉന്നത സി.പി.എം നേതാക്കൾ തന്നെ ഉയർത്തുന്ന പശ്ചാത്തലത്തിലാണ്, അഞ്ച് ദിവസത്തെ പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്നലെ എ.കെ.ജി സെന്ററിൽ തുടക്കമായത്. തോൽവി സംബന്ധിച്ച് പാർട്ടി ജില്ലാ കമ്മിറ്റികൾ സമർപ്പിച്ച വാർഡ് തലം മുതലുള്ള കണക്കുകളാണ് ഇന്നലെ വിലയിരുത്തിയത്.
ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നിരുന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തിയിരുന്നു.