പ്രണയത്തിന്റെ കവിഭാവനകളിൽ എന്നും നിറഞ്ഞ് നിൽക്കുന്ന ഒന്നാണ് നീലത്തടാകം . സ്വിറ്റ്സർലൻഡിലുമുണ്ട് ഒരു നീലത്തടാകം എന്നാൽ ഇത് കവികൾ പാടുന്നത് പോലെ പ്രണയത്തിന്റെ സൗരഭ്യത്തെയല്ല മറിച്ച് നിഗൂഢതകളെയാണ് ഒളിപ്പിക്കുന്നത് . ബ്ലൂസീ എന്നാണ് ഈ തടാകത്തിന്റെ പേര് . ജർമ്മൻ ഭാഷയിൽ ബ്ലൂസീ എന്നുപറഞ്ഞാൽ നീലത്തടാകം എന്നു തന്നെയാണ് അർത്ഥം. മറ്റ് തടാകങ്ങളെ അപേക്ഷിച്ച് ബ്ലൗസി തടാകം വളരെ ചെറുതാണ്. എന്നാൽ ഒരു ഐതിഹാസിക പ്രണയകഥയുടെ ആസ്ഥാനവുമാണ് ഈ തടാകം . കൂടാതെ രാജ്യത്തെ ഏറ്റവും വിജയകരമായ ജൈവ ട്രൗട്ട് ഫാമുകളിൽ ഒന്നുമാണ്.
ഈ തടാകത്തിലെ ജലത്തിന് ടർക്കിഷ്-നീലക്കളറാണ്. ജലത്തിന്റെ അസാധാരണമായ നിറം അതിന്റെ വ്യക്തത മൂലമാണ് പ്രകാശത്തിന്റെ നീല നിറം മാത്രമേ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ അതുകൊണ്ടാണ് വെള്ളം അതിശയകരമായ നീല നിറത്തിൽ കാണപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 887 മീറ്റർ ഉയരത്തിൽ ബെർണർ ഒബർലാൻഡ് കാൻഡർഗ്രുണ്ടിലെ പ്രവിശ്യയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. സ്വിറ്റ്‌സർലൻഡിലെ ഏറ്റവും പ്രശസ്തമായ പർവത തടാകങ്ങളിലൊന്നാണ് ഈ നീലത്തടാകം. 15,000 വർഷങ്ങൾക്ക് മുമ്പ് ഒരു മണ്ണിടിച്ചിലോടെയാണ് നീലത്തടാകത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. സമീപത്തുള്ള ഹിമാനിയുടെ വലിയ ഭാഗങ്ങളെല്ലാം ഒഴുകിപ്പോയി.ഐസെല്ലാം ഉരുകിയതിനുശേഷം, ദ്വാരങ്ങളും ചെറിയ താഴ്‌വരകളും പ്രത്യക്ഷപ്പെട്ടു. പ്രകൃതിദത്തമായ പാർക്കിലെ മനോഹരമായ വനാന്തരീക്ഷത്തിന്റെ നടുവിലാണ് നീല തടാകം സ്ഥിതി ചെയ്യുന്നത്
ഈ തടാകത്തിന് ഏകദേശം 100 മീറ്റർ നീളവും 70 മീറ്റർ വീതിയും ഉണ്ട്. തെളിഞ്ഞ ജലമായതിനാൽ വ്യക്തമായി തടാകത്തിന്റെ അടിഭാഗം കാണാൻ കഴിയും, എന്നാൽ ചിലയിടങ്ങളിൽ ഈ തടാകത്തിന് 12 മീറ്ററിലധികം താഴ്ചയുണ്ട്. ഈ നീലത്തടാകത്തിലെ “ട്രൗട്ട് ” എന്ന മത്സ്യം ഇവിടെത്തെ ഒരു വിശിഷ്ട വിഭവമായി കണക്കാക്കപ്പെടുന്നു. ഈ നീല തടാകത്തെക്കുറിച്ച് പല നാടോടിക്കഥകളും പ്രചാരത്തിലുണ്ട്. പണ്ട് ഒരു ഇടയയുവാവ് ശാലീനസുന്ദരിയായ ഒരു യുവതിയുമായി പ്രണയത്തിലായി. ഇരുവരും തടാകക്കരയിലൂടെ കൈകോർത്ത് നടക്കുകയും ചെറുവഞ്ചി തുഴഞ്ഞ് മണിക്കൂറുകൾ ചെലവഴിക്കുകയും പതിവായിരുന്നു. ഒരിക്കൽ കൂട്ടിയിട്ടിരുന്ന വൈക്കോലിന് തീ പിടിക്കുകയും ആ തീജ്വാലയിൽ നിന്ന് രക്ഷപെടാനായി ഇടയൻ എടുത്ത് ചാടിയപ്പോൾ പാറപ്പുറത്ത് വീഴുകയും തൽക്ഷണം മരിക്കുകയും ചെയ്തു. അന്നുമുതൽ പെൺകുട്ടി തന്റെ പ്രിയനെ അന്വേഷിച്ച് അർദ്ധരാത്രിയിലും ചെറു വഞ്ചി തുഴഞ്ഞ് നടക്കുക പതിവായി.
തുഴച്ചിലിനിടയിൽ തന്റെ കാമുകനെ തിരിച്ചു തരാൻ ദൈവത്തോട് പ്രാർത്ഥിക്കും, ചിലപ്പോൾ ക്രൂരമായ തന്റെ വിധിയെ പഴിക്കും . വേദനയിൽ മുഴുകിയുള്ള ഈ രാത്രി വിഷാദ സഞ്ചാരം ഒഴിവാക്കാൻ എല്ലാവരും നിർബന്ധിച്ചു . എന്നാൽ ഏതോ ഒരു നിഗൂഢ ശക്തി അവളെ ആ തടാകത്തിലേയ്ക്ക് തിരികെ വലിച്ചിഴച്ചുകൊണ്ടിരുന്നു.ഒരു ദിവസം രാവിലെ വഞ്ചിയും യുവതിയും തടാകത്തിന്റെ അടിത്തട്ടിൽ കിടക്കുന്നതാണ് ആളുകൾ കണ്ടത്. സുന്ദരിയായ ആ യുവതിയുടെ നീലക്കണ്ണുകളിൽ നിന്ന് ഒഴുകിയ കണ്ണുനീരു കലർന്നാണ് തടാകത്തിലെ വെള്ളം കടും നീലയായി മാറിയതെന്നാണ് കഥ.പ്രണയത്തിലായ ജോഡികൾ പിക്നിക്കിനും ഫോട്ടോ ഷൂട്ടിനുമായി ഈ സ്ഥലം തിരഞ്ഞെടുക്കാറുണ്ട് .