Celebrities

നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു

കൊച്ചി: നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം അമല തന്നെയാണ് മാസങ്ങള്‍ക്ക് മുമ്പ് ആരാധകരെ അറിയിച്ചതും. നടിയുടെ ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ എല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പതിനൊന്നിനാണ് കുഞ്ഞ് പിറന്നതെന്നും ഇരുവരും അറിയിച്ചു. ‘ഞങ്ങളുടെ കുഞ്ഞു വിസ്മയത്തെ കാണുക’എന്നായിരുന്നു ചിത്രത്തോടൊപ്പം ഉണ്ടായിരുന്ന അടിക്കുറിപ്പ്. അമലയും ജഗതും കുട്ടിയുമായി വീട്ടിലേക്കെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി താരങ്ങളാണ് അമലയ്ക്കും കുഞ്ഞിനും ആശംസകള്‍ നേരുന്നത്.

2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ?ഗോവ സ്വദേശിയായ ജ?ഗത് ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് താന്‍ അമ്മയാകാനൊരുങ്ങുന്ന വിവരം അമല പങ്കുവെച്ചത്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് അമല പോള്‍ അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

അമല പോളിന്റെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‌യുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു. സിനിമാരംഗത്തും സജീവമാണ് അമല പോള്‍ ഇപ്പോള്‍. അമല പോളിന്റേതായി അടുത്തതായി വരാനുള്ള ചിത്രം ലെവല്‍ ക്രോസ് എന്ന ചിത്രമാണ്. ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി നായകനായ ചിത്രമാണിത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അര്‍ഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.