ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്.
തലമുറകളായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും, രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നതാണ് ഉചിതമെന്ന പാര്‍ട്ടി വിലയിരുത്തലിലാണ് തീരുമാനമെന്നും ഖര്‍ഗെ അറിയിച്ചു. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഖർഗെ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.
വയനാട്ടിലെ വോട്ടമാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ജീവിതകാലം മുഴുവന്‍ സ്മരിക്കും. വയനാടിന് നല്കിയ ഉറപ്പുകള്‍ പാലിക്കും. റായ്ബറേലിയുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണ്. തീരുമാനം എടുക്കുന്നത് ദുഷ്കരമായിരുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുഷ്കരമായകാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും. താനും പ്രിയങ്കയുമാണ് അത്. തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും നിയുക്ത എംപി പ്രതികരിച്ചു. രാഹുലിന്റെ അഭാവം തോന്നിക്കാത്ത വിധം പ്രതികരിക്കുമെന്ന് പ്രിയങ്കയും പ്രതികരിച്ചു.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ അവിടെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കെ.മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.ഇതിനിടെയാണ് പ്രഖ്യാപനമുണ്ടായത്.