ബോളിവുഡിലെ സ്റ്റൈലിഷ് ആക്ട്രസായ ആലിയ ഭട്ടിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി. എഴുത്തുകാരി എന്ന ലേബലാണ് പുതുതായി ആലിയയ്ക്ക് ലഭിച്ചിരിക്കുന്നത്. മുംബൈയില്‍ നടന്ന സ്റ്റോറിവേഴ്സ് ചില്‍ഡ്രന്‍സ് ലിറ്റ് ഫെസ്റ്റിലാണ് നടി തന്റെ ആദ്യ പുസ്തകമായ ‘ഇ ഡി ഫൈന്‍ഡ്സ് എ ഹോം’ പ്രകാശനം ചെയ്തുകൊണ്ട് എഴുത്തുകാരിയായി മാറിയത്. എന്നാല്‍ പുസ്തകത്തോടൊപ്പം ആലിയ ധരിച്ച ഫ്‌ളോറല്‍ പ്രിന്‍ഡുളള ഫ്‌റോക്കും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
മഞ്ഞ നിറത്തിലുള്ള ഫ്‌ളോറല്‍ ഫ്‌റോക്ക് ധരിച്ച ആലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. ടണ്‍ കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓരോ വേദിയിലെത്തുമ്പോളും ആലിയ തന്റെ ആരാധകര്‍ക്ക് ഫാഷന്റെ പുതിയൊരു ടിപ്പാണ് നല്‍കുന്നത്. പുഷ്പങ്ങള്‍ വേനല്‍ക്കാല ഫാഷന്റെ പര്യായമാണ്. ഇത്തരത്തില്‍ ഇളം മഞ്ഞ നിറത്തിലുളള പൂക്കളാണ് ആലിയയുടെ ഫ്‌റോക്കില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. നിരവധി പ്രത്യേകതകളുളള ഡ്രസ്സാണിതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട ഈ ഡ്രസിന്റെ വിലയെക്കുറിച്ചാണോ നിങ്ങള്‍ ചിന്തിക്കുന്നത്? എങ്കില്‍ കേട്ടോളൂ.. 17,901 രൂപയാണ് ഈ ഡ്രസിന്റെ വില. ഹൗസ് ഓഫ് സിബി എന്ന ബ്രാന്‍ഡില്‍ നിന്നുള്ളതാണ് ഈ വസ്ത്രം. ലോലി എന്നാണ് ഇതിന്റെ പേര്.
പുസ്തക പ്രകാശന ചടങ്ങില്‍ അമ്മ സോണി റസ്ദാനും സഹോദരി ഷഹീന്‍ ഭട്ടും നടിക്കൊപ്പമുണ്ടായിരുന്നു. ഒരുപാട് ആക്‌സസറികള്‍ ധരിക്കാതെ വളരെ മിനിമലായാണ് ആലിയ തന്റെ ലുക്ക് സ്റ്റൈല്‍ ചെയ്തത്. ഒരു ജോടി സ്റ്റഡ് കമ്മലുകളും വെള്ള സ്ട്രാപ്പുളള ഹീലുകളും ഇട്ടാണ് ലുക്ക് പൂര്‍ത്തിയാക്കിയത്. ഇനി മേക്കപ്പിലേക്ക് വരുകയാണെങ്കില്‍ ന്യൂഡ് ഐഷാഡോ ഇട്ട് കണ്ണിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഐലൈനര്‍ ഉപയോഗിച്ച് കണ്‍പീലിക്ക് മസ്‌ക്കാര നല്‍കി തിളങ്ങുന്ന ഹൈലൈറ്റര്‍ ഉപയോഗിച്ച് കവിളുകള്‍ തിളക്കമുളളതാക്കി മുടി കെട്ടിവെയ്ക്കാതെ അഴിച്ചിടുകയുമാണ് ചെയ്തത്.
കരണ്‍ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ (2012) എന്ന സിനിമയിലാണ് ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ആലിയക്ക് ഫിലിംഫെയറിന്റെ മികച്ച പുതുമുഖ അഭിനേത്രിക്കുള്ള പുരസ്‌കാരം ലഭിച്ചു. സാമ്പത്തിക വിജയം നേടിയ അനേകം സിനിമകളില്‍ ആലിയ നായികയായി അഭിനയിച്ചിട്ടുണ്ട്. 2 സ്റ്റേറ്റ്‌സ്(2014), ഹംറ്റി ശര്‍മ കി ദുല്‍ഹാനിയ (2014), കപൂര്‍ ആന്റ് സണ്‍സ് (2016), ഡിയര്‍ സിന്ദഗി(2016) എന്നിവ ഇവയില്‍ ചിലതാണ്. ഹൈവേ (2014) എന്ന ചിത്രത്തിലെ ഭാവസാന്ദ്രമായ കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു. ഉഡ്താ പഞ്ചാബ് (2016) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു.