തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വിഢികളാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. റായ്ബറേലി മണ്ഡലം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കെ സുരേന്ദ്രനായിരുന്നു. രാഹുലിനെ പരിഹസിക്കുന്ന വീഡിയോ പങ്കുവെച്ചായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. ‘ബൈ ബൈ, റ്റാറ്റ’ എന്ന് രാഹുല്‍ പറയുന്ന വീഡിയോയാണ് സുരേന്ദ്രന്‍ പങ്കുവച്ചത്.
വയനാട് ലോക്സഭ മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. നേരത്തെ തന്നെ രാഹുൽ വയനാടിനെ ചതിക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു. വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞിരുന്നു. വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞിരുന്ന രാഹുൽ ഗാന്ധി ഇപ്പോൾ റായ്ബറേലിയാണ് തന്റെ കുടുംബമെന്നാണ് പറയുന്നത്. നേരത്തെ ഇത് അമേഠിയായിരുന്നു.
റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം വയനാട് തെരഞ്ഞെടുപ്പിനു മുൻപ് പറയാനുള്ള ധാർമികത പോലും രാഹുൽ കാണിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. അനാവശ്യമായ ഉപതിരഞ്ഞെടുപ്പ് വിളിച്ചുവരുത്തിയതിനു രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് വയനാടൻ ജനത കനത്ത പ്രഹരം തന്നെ നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിയുന്ന തീരുമാനത്തിലേക്ക് രാഹുല്‍ എത്തുന്നത്. പകരം സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വദ്ര വയനാട്ടില്‍ മത്സരിക്കും. പ്രിയങ്കയുടെ കന്നി അങ്കമാണ് വയനാട്ടിലേത്. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കളെ രാഹുലിനെ അറിയിച്ചിരുന്നു.