ഡൽഹി: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം ദയനീയമായി പുറത്തായതിന് പിന്നാലെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. സ്റ്റിമാക്കിന്‍റെ കരാര്‍ റദ്ദാക്കിയതായി എഐഎഫ്എഫ് അറിയിച്ചു. 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത റൗണ്ടിലെ മോശം പ്രകടനമാണ് സ്റ്റിമാക്കിനെ പുറത്താക്കാന്‍ കാരണമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഇന്നലെ ചേര്‍ന്ന അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ യോഗമാണ് ഒറ്റക്കെട്ടായി നിര്‍ണായക തീരുമാനമെടുത്തത്. എഐഎഫ്എഫ് വൈസ് പ്രസിഡന്‍റ് എന്‍.എ. ഹാരിസിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം.
ജൂൺ 11ന് ഖത്തറിനെതിരെ നടന്ന മത്സരത്തിൽ 2-1ന് തോറ്റതോടെ 2026 ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ നിന്ന് ഇന്ത്യ പുറത്തായത്. മത്സരത്തിൽ ജയിച്ചിരുന്നുവെങ്കിൽ ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് മുന്നേറാമായിരുന്നു. മത്സരത്തിലെ തോൽവിയോടെ ലോകറാങ്കിൽ 125ാം സ്ഥാനത്തേക്ക് ഇന്ത്യ വീണിരുന്നു. ലോകറാങ്കിങ്ങിൽ ഇന്ത്യക്ക് 5.1 പോയിന്റ് നഷ്ടമാവുകയും ചെയ്തിരുന്നു. 1144.5ൽ നിന്ന് 1139.4 പോയിന്റ് ആയാണ് കുറഞ്ഞത്. ഖത്തറിനെതിരായ മത്സരത്തിൽ ഒന്നാം പകുതിയിൽ മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു ഇന്ത്യ തോറ്റത്. രണ്ടാം പകുതിയിൽ ഖത്തർ നേടിയ രണ്ട് ഗോളുകളാണ് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളെ തല്ലിക്കെടുത്തിയത്.
സ്റ്റിമാകിന്റെ പരിശീലനത്തിൽ ഇന്ത്യൻ ടീമിന്റെ പ്രവർത്തനം താരതമ്യേന മികച്ചതായിരുന്നെങ്കിലും മാച്ചുകളിലെ തോൽവി സ്റ്റിമാക്കിന്റെ പരിശീലനത്തിലെ തിരിച്ചടിയായി. 2027ലെ ഏഷ്യ കപ്പ് യോഗ്യതയാണ് ഇനി ടീം ഇന്ത്യക്ക് മുന്നിലുള്ള പ്രധാന കടമ്പ. പുതിയ കോച്ചിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞു.