കോഴിക്കോട്: പ്രിയങ്കാ ഗാന്ധി വദ്ര വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നത്. വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക് സ്വാഗതം. ചരിത്ര ഭൂരിപക്ഷത്തിൽ പ്രിയങ്ക കേരളത്തിൻ്റെ പ്രിയങ്കരിയാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തി വയനാട് ഒഴിഞ്ഞതിനു പിന്നാലെയാണ് പ്രിയങ്ക തന്റെ കന്നിയങ്കം കുറിക്കാൻ വയനാട്ടിലെത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം അറിയിച്ചത്. രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തുമെന്നും വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നും ഖാർഗെ അറിയിക്കുകയായിരുന്നു. വയനാടും റായ്ബറേലിയും ഒരുപോലെ പ്രിയങ്കരം എന്നാണ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത്.
സ്നേഹവും വാത്സല്യവും നൽകിയ വയനാട്ടിലെ ജനങ്ങൾക്ക് നന്ദി എന്നാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചത്. രണ്ട് മണ്ഡലവുമായുള്ള ആത്മബന്ധം നിലനിർത്താൻ തന്നെയാണ് പ്രിയങ്കയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതെന്നും വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും മികച്ച അംഗമായി പ്രിയങ്ക മാറുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.