Tech

ഏറ്റവും കനം കുറഞ്ഞ മോഡലും എത്തുന്നു; ‘ഐഫോണ്‍ 17 സ്ലിം’ ന്റെ വിശേഷങ്ങൾ അറിയേണ്ടേ ?

കാലിഫോര്‍ണിയ: ഏറ്റവും കനംകുറഞ്ഞ മോഡലുമായി ആപ്പിള്‍. ‘ഐഫോണ്‍ 17 സ്ലിം’ എന്നാകും കനം കുറഞ്ഞ മോഡ‍ലിന്‍റെ പേര്. കനംകുറഞ്ഞ ഐഫോണ്‍ 17 മോഡല്‍ പുറത്തിറക്കാനുള്ള പദ്ധതികളിലാണ് ആപ്പിള്‍ കമ്പനി എന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2025ലാവും ഈ ഐഫോണ്‍ ആപ്പിള്‍ അവതരിപ്പിക്കുക.

ടെക് ലോകത്ത് ഓരോ പ്രൊഡക്‌ടിലെയും ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ മോഡലുകള്‍ തങ്ങളുടേതാക്കി മാറ്റാനാണ് ആപ്പിള്‍ ഉദേശിക്കുന്നത്. ഇതിന്‍റെ തുടക്കമെന്ന നിലയിലാണ് പുതിയ ഐപാഡ് പ്രോയുടെ വരവ്. ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍ 17 വേരിയന്‍റ്, മാക്‌ബുക്ക് പ്രോ, ആപ്പിള്‍ വാച്ച് എന്നിവയും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍ എന്നാണ് ബ്ലൂംബെര്‍ഗിന്‍റെ പുതിയ റിപ്പോര്‍ട്ട്. ബ്രാന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഐപാഡ് പ്രോ അടുത്തിടെയാണ് ആപ്പിള്‍ കമ്പനി അവതരിപ്പിച്ചത്.

ഐഫോണ്‍ 17ന്‍റെ സ്ലിം മോഡല്‍ പ്രത്യേകമായി ആപ്പിള്‍ ഇറക്കിയേക്കും എന്നാണ് സൂചനകള്‍. ഐഫോണ്‍ 17, ഐഫോണ്‍ 17 സ്ലിം, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് വേരിയന്‍റുകളില്‍ ഐഫോണ്‍ 17 സീരീസ് വിപണിയിലേക്ക് വരാനാണ് സാധ്യത. ഐഫോണ്‍ 17, ഐഫോണ്‍ 17 സ്ലിം, ഐഫോണ്‍ 17 പ്രോ എന്നിവ അലുമിനിയം ഡിസൈനിലും പ്രോ മാക്‌സ് ടൈറ്റാനിയം ബോഡിയിലുമാണ് വരിക. ഐഫോണ്‍ 17, ഐഫോണ്‍ 17 സ്ലിം വേരിയന്‍റുകള്‍ക്ക് 8ജിബി റാമും ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയ്ക്ക് 12 ജിബി റാമുവാണ് വരാനിട. ഐഫോണ്‍ 17 സീരീസിലെ എല്ലാ ഫോണുകള്‍ക്കും 24 എംപി മുന്‍ ക്യാമറയും പ്രതീക്ഷിക്കുന്നു. പുതിയ ചിപ് സെറ്റുകളും എഐ സാങ്കേതികവിദ്യകളും ഐഫോണ്‍ 17 സീരീസിലുണ്ടാകും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.