യാത്രകൾ ഇഷ്ടപ്പെടുന്നവർ പോകാൻ ആഗ്രഹിക്കുന്ന ഭാരതത്തിലെ ഒരു സ്ഥലമാണ് രാജസ്ഥാനിലെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്‌പൂർ . വാസ്തു ശാസ്ത്ര പ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യ നഗരമാണിത് . 1727ല്‍ മഹാരാജാ സവാഇ ജയ് സിങ് രണ്ടാമന്‍ ആണ്‍ ഈ നഗരം സ്ഥാപിച്ചത്. സവായ് റാം സിങ്ങിന്റെ ഭരണ കാലത്ത് വെയില്‍സിലെ രാജകുമാരന്‍ എഡ്വാര്‍ഡ് ഏഴാമന്റേയും ഭാര്യ വിക്ടോറിയയുടേയും ഇന്ത്യാ സന്ദര്‍ശന വേളയില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും ആതിഥ്യത്തിന്റെ നിറമായ പിങ്ക് നിറംപൂശാന്‍ രാജാവ് ഉത്തരവിട്ടു. അങ്ങിനെയാണ് ജെയ്പൂരിന്റെ തെരുവുകള്‍ക്ക് പിങ്ക് നിറം വന്നത് .
യുനെസ്കോയുടെ ലോക പൈതൃക പ്രദേശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ജയ്‌പൂർ മനോഹരമായ മന്ദിരങ്ങളും സ്മാരകങ്ങളും കൊണ്ട് വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒന്നാണ് . ഇത്തരത്തിൽ ജയ്‌പ്പൂരിലുള്ള ഒരത്ഭുതമാണ് ജലത്തിനടിയിൽ നിലകൊള്ളുന്ന കൊട്ടാരമായ ജൽ മഹൽ . ജല്‍ മഹല്‍ എന്നു പേരുള്ള ഈ കൊട്ടാരം സവായ് ജയ് സിംഗ് രണ്ടാമന്‍ നിര്‍മിച്ചതാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ആംബറിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന രാജ മാന്‍ സിംഗ് ഒന്നാമന്‍ ദര്‍ഭാവതി നദിയ്ക്ക് കുറുകെ കെട്ടിയ അണക്കെട്ടിന്റെ ഫലമായി രൂപം കൊണ്ട തടാകമാണ് മന്‍സാഗര്‍.ഇതിന്റെ നടുക്ക് അഞ്ചു നിലകളുള്ള ഒരു കൊട്ടാരമാണ് ജല്‍ മഹല്‍. മന്‍സാഗര്‍ തടാകത്തില്‍ വെള്ളം നിറയുമ്പോള്‍ ഇതില്‍ നാല് നിലകളും വെള്ളത്തിനടിയിലാകും.തടാകത്തിന്റെ ഒത്ത നടുക്കായി നില്‍ക്കുന്ന ഈ മനോഹര കൊട്ടാരത്തിലേക്ക് പോവാന്‍ അനുമതിയില്ല.
ജലത്തിന് മുകളിൽ കാണുന്ന കൊട്ടാരത്തിന്റെ നിഴൽ തടാകത്തിൽ പ്രതിഫലിക്കുന്നത് തന്നെ മനോഹരമായ ഒരു ദൃശ്യമാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത് .ജൽ മഹൽ കൊട്ടാരത്തിന്റെ മുകൾ നില പോലെ തന്നെ വാസ്തുവിദ്യ കൊണ്ട് വിസ്‌മയം തീർത്തിരിക്കുന്നതാണ് ജലത്തിനടിയിൽ മറഞ്ഞു കിടക്കുന്ന ബാക്കി നാല് നിലകളും . പണ്ട് കാലങ്ങളിൽ രാജാക്കന്മാർക്ക് ഉല്ലാസ വേളകളിൽ വേട്ടയാടാൻ വേണ്ടി ചുവന്ന മണൽകല്ലു കൊണ്ട് നിർമ്മിച്ചതാണീ കൊട്ടാരം . കൊട്ടാരം പണിയുന്ന നാളുകളിൽ എത്ര കഠിനമായ മഴ പെയ്താലും വെള്ളം പൊങ്ങുന്ന സ്ഥലമായിരുന്നില്ല ഇത് .പതിനെട്ടാം നൂറ്റാണ്ടിൽ ജയ്‌പൂരിലെ ചരിത്രപ്രദേശമായ ആംബറിലെ രാജാവ് വെള്ള പൊക്കം ഉണ്ടാവാതിരിക്കാൻ വേണ്ടി രണ്ടു കുന്നുകൾക്കിടയിൽ അണകെട്ട് നിർമ്മിക്കുകയും തന്മൂലം കൊട്ടാരം ജലത്തിനടിയിൽ ആവുകയും ചെയ്തു . .അഷ്ടഭുജാകൃതിയിലാണ് ഇതിന്റെ രൂപകൽപ്പന.
മൂന്നാലു വർഷങ്ങൾക്ക് മുൻപ് തടാകത്തിൽ ബോട്ട് സവാരി ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഫോട്ടോകളിൽ പതിഞ്ഞ ഒരീടം കൂടിയാണിത്. പ്രാദേശികവും ദേശാടനപരവുമായ വിവിധ ഇനം പക്ഷികൾ ഈ തടാകത്തിലേക്ക് ഒഴുകിയെത്തുന്നതിനാൽ പക്ഷി നിരീക്ഷകരുടെ പറുദീസ കൂടിയാണിത്. ജൽ മഹൽ സ്ഥിതി ചെയ്യുന്ന തടാകത്തിന് സമീപപ്രദേശത്തായി ധാരാളം വന്യമൃഗങ്ങൾ പാർക്കുന്ന വനമേഖലയുണ്ട് . ഇപ്പോൾ കൊട്ടാരം സംരക്ഷിച്ചു പോരുന്ന അധികൃതർ , ചുവരുകളിൽ ലൈറ്റുകൾ പിടിപ്പിച്ചതിനാൽ രാത്രികാലങ്ങളിൽ അതിമനോഹരിയായിട്ടാണ് ജൽ മഹൽ കാണപ്പെടുന്നത് . രാജ്പുത് കലാകാരന്മാരുടെ വർണ്ണിക്കാൻ കഴിയാത്ത കഴിവുകളുടെ വിസ്മയം ആണ് ഇന്നും അത്യധികം മനോഹരിയായി നിലനിൽക്കുന്ന ജൽ മഹൽ .