ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂരിൽ ചർച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസർക്കാർ. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ച നടത്തും. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അമിത് ഷാ യോഗത്തിൽ നിർദേശിച്ചു. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കാനും യോഗത്തിൽ തീരുമാനമായി.
നിയമം അനുസരിച്ചുള്ള നടപടികൾ മണിപ്പൂരിലുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. റിലീഫ് ക്യാമ്പുകളിലെ സൗകര്യങ്ങളും അമിത് ഷാ വിലയിരുത്തി. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ക്യാമ്പുകളിൽ ലഭിക്കുന്നുണ്ടോയെന്നും അവശ്യ സൗകര്യങ്ങൾ ഉണ്ടോയെന്നും അദ്ദേഹം പരിശോധിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, രഹസ്യാന്വേഷണ വിഭാഗം മേധാവി തപൻ ദേക്ക, സൈനിക മേധാവി ജനറൽ മനോജ് പാണ്ഡേ്യ, സുരക്ഷാഉപദേഷ്ടാവ് കുൽദീപ് സിങ്, മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി, ഡി.ജി.പി രാജീവ് സിങ്, അസം റൈഫിൾസ് മേധാവി ചന്ദ്രൻ നായർ എന്നിവർ ഇന്ന് അമിത് ഷാ വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു.
മണിപ്പൂരിലെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് ഒരാഴ്ച മുൻപ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് നിർദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കേറ്റ തിരിച്ചടികളെക്കുറിച്ച് പറയുന്ന സാഹചര്യത്തിലായിരുന്നു ആർഎസ്എസ് തലവന്റെ പ്രതികരണം.
മെയ് മൂന്നിന് മണിപ്പൂരിൽ കുക്കികളും മെയ്തേയി വിഭാഗവും തമ്മിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 225 പേർ മരിച്ചിരുന്നു. 50,000ത്തോളം പേർ വീടുവിട്ട് അഭയാർഥി ക്യാമ്പുകളിൽ പോകാൻ നിർബന്ധിതരായി.
ആഴ്ചകൾക്ക് മുമ്പ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. മോറേയിലെ സ്കൂളിൽ ഒരാളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനെ തുടർന്നായിരുന്നു സംഘർഷമുണ്ടായത്.