ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേത്ര ദർശനത്തോടനുബന്ധിച്ച് കാശി വിശ്വനാഥ് ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ക്ഷേത്ര ട്രസ്റ്റ്. നാളെയാണ് പ്രധാനമന്ത്രി വാരണാസിയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം കണക്കിലെടുത്ത് കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്രവും പരിസരവും പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.
മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷം തന്റെ മണ്ഡലത്തിലേക്കുള്ള നരേന്ദ്രമോദിയുടെ ആദ്യ വരവാണിത്. 4,5 മണിക്കൂർ അദ്ദേഹം വാരണായിൽ ചെലവഴിക്കും. സന്ദർശന വേളയിൽ കർഷകരുടെ ക്ഷേമ പദ്ധതിയായ സമ്മാൻ നിധിയുടെ 17-ാം ഗഡുവായി 20,000 കോടി രൂപ കർഷകർക്ക് വിതരണം ചെയ്യും. ഇത് കാശിയിലെ രണ്ടര ലക്ഷത്തോളം കർഷകർക്കാണ് പ്രയോജനമാകുന്നത്.
തുടർന്ന് വൈകുന്നേരം കിസാൻ സമ്മേളന പരിപാടിയിൽ പങ്കെടുക്കുന്നതിനായി തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ വരവേൽപ്പാണ് നഗരത്തിലുടനീളം ഒരുക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി ദർശനത്തിന് ശേഷം ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതിയിലും പങ്കെടുക്കും.