Kerala

വയനാട്ടിലും തേച്ചു: പാലക്കാടെങ്കിലും മുരളിയേട്ടന് കൊടുക്കുമോ ?; തൃശൂരില്‍ എട്ടു നിലയില്‍ പൊട്ടിയിട്ടും മോഹം വിടാതെ…

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ളിലെ കുതുകാല്‍ വെട്ടും തൊഴുത്തില്‍ക്കുത്തുമേറ്റ് തൃശൂര്‍പൂരത്തിലെ എട്ടുനില കമ്പം പോലെ പൊട്ടി പാളീസായ ലീഡര്‍ മകന്‍ കെ. മുരളീധരനെ അങ്ങനെ വയനാട്ടിലും തേച്ചിരിക്കുകയാണ്. വടകര വഴി ലോക്‌സഭ കണ്ട മുരളീധരന് വയനാടു വഴി ലോക്‌സഭയില്‍ പോകാനുള്ള അവസാന വണ്ടിയും കിട്ടിയില്ല. ഇനി പാലക്കാടാണ് ശരണം. അതും ഡെല്‍ഹിക്കല്ല, തിരുവനന്തപുരത്തേക്കാണ് പാലക്കാട് വണ്ടി. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയെന്നു കേട്ടിട്ടില്ലേ. അതുപോലെയാണ് മുരളീധരന്റെ നിയോഗമെന്നാണ് തോന്നുന്നത്.

വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് മുരളീധരനെ വടകര ലോക്‌സഭാ മണ്ഡലത്തില്‍ കൊണ്ടുപോയി നിര്‍ത്തിയത്. അവിടുന്ന് പിന്നെയും കോണ്‍ഗ്രസ്സുകാര്‍ നിര്‍ബന്ധിച്ച് നേമം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് തോല്‍പ്പിച്ചു. വീണ്ടും അവിടുന്ന് വടകരയില്‍ തന്നെ സ്ഥിരമാക്കിയ മുരളീധരനെയാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയത്. ഇത് കടിച്ചതും പിടിച്ചതും ഇല്ലാതാക്കാനേ ഗുപണപ്പെട്ടുള്ളൂ. വടകര പോവുകയും ചെയ്തു തൃശൂര്‍ കിട്ടിയതുമില്ല.

കോണ്‍ഗ്രസ്സുകാരാല്‍ സ്വയം മുള്‍ക്കിരീടം വെച്ചും, കുരിശു ചുമന്നും നാറി നാണംകെട്ട മുരളിയേട്ടന്‍ ഇനിയെങ്കിലും ചിന്തിക്കണമെന്ന മാസ് ഡയലോഗുമായി സഹോദരി പത്മജ രംഗത്തു വന്നതും മുരളീധരനെ വല്ലാതെ വേദനിപ്പിച്ചു. പാര്‍ട്ടി വിടാനും വയ്യ, നിക്കാനും വയ്യാത്ത ഗതികെട്ട അവസ്ഥ ശത്രുക്കള്‍ക്കു പോലും ഉണ്ടാകരുതേയെന്നു മാത്രമാണ് മുരളീധരന്‍ അപ്പോള്‍ പ്രാര്‍ത്ഥിച്ചതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.

കോണ്‍ഗ്രസ്സിലെ രാഷ്ട്രീയക്കുരുതിക്ക് സ്വയം സമര്‍പ്പിതമായ ജീവിതമായി മുരളീധരന്‍ മാറുകയും ചെയ്തു. അതായത്, ജീവിക്കുന്ന രക്തസാക്ഷി. അങ്ങനെയുള്ള ഒരാള്‍ ബുദ്ധിപൂര്‍വ്വം ചെയ്യുന്ന നടപടി മാത്രമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാം എന്നതായിരുന്നു തീരുമാനം. അതുകൊണ്ടു തന്നെ ഇപ്പോള്‍ മുരളീധരനെ കോണ്‍ഗ്രസ് ഇടങ്ങളില്‍ കാണുകയോ, ആരെങ്കിലും അദ്ദേഹത്തിന്റെ പേരു പറയുന്നതോ കേള്‍ക്കാനില്ല. അങ്ങനെയാണ് രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ മൃഗീയ വിജയവും അതേത്തുടര്‍ന്നുള്ള ആഘോഷങ്ങളും അതിരു കടന്നത്.

വിജയത്തിന്റെ അതിരുകള്‍ കടന്ന് റായ്ബറേലിയിലും രാഹുല്‍ഗാന്ധി വിജയം ഉറപ്പിച്ചു. ഇതോടെ രണ്ടിലൊരിടം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീണ്ടു. അത് ഏതാണെന്നു മാത്രമായിരുന്നു ഇതുവരെയുണ്ടായിരുന്ന സംശയം. രാഹുല്‍ തന്നെ തന്റെ മണ്ഡലം തീരുമാനിക്കട്ടേയെന്ന് നേതാക്കള്‍ പറഞ്ഞതോടെ, വയനാട് വിട്ട് രാഹുല്‍ റായ്ബറേലിയില്‍ നിന്നു. പകരംതന്റെ സഹോദരിയായ പ്രയങ്കാ ഗാന്ധിയെ വയനാടേക്ക് വിട്ടു. മുരളീധരന്റെ സഹോദരി പത്മജാ വേണുഗോപാല്‍ ആഗ്രഹിച്ചത്, മുരളിയേട്ടനെ വയനാട് നിര്‍ത്തുമെന്നായിരുന്നു.

വടകരയിലെ സിറ്റിംഗ് എം.പി തൃശൂരില്‍ കൊണ്ടു വന്ന് തോല്‍പ്പിച്ച് വീട്ടിലിരുത്തിയ കോണ്‍ഗ്രസ്സുകാര്‍ മാന്യത കാണിക്കുമെന്നു കരുതിയെന്നും പത്മജ ചിന്തിച്ചു. പക്ഷെ, ഫലം നെഗറ്റീവായിപ്പോയി. മുരളിയേട്ടനെ വയനാടും തേച്ചൊട്ടിച്ചു. അങ്ങനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എല്ലാ വഴികളും മുരളിയേട്ടനു മുമ്പില്‍ കൊട്ടിയടക്കപ്പെട്ടു. ഇനിയുള്ള ഏക ആശ്വാസം പാലക്കാടു വഴി നിയമസഭയിലേക്കുള്ളതാണ്. ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും എം.പിയായതോടെ പാലക്കാട് നിയമസഭാ സീറ്റ് മാത്രമാണ് ഒഴിവു വന്നിരിക്കുന്നത്.

ഇതില്‍ക്കൂടി മുരളീധരന്‍ പരിഗണിക്കപ്പെട്ടില്ലെങ്കിലോ, അഥവാ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ തോറ്റാലോ മുരളിയേട്ടന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ കൂമ്പടഞ്ഞതു തന്നെ. മുരളിയേട്ടന് പാലക്കാടെങ്കിലും കൊടുക്കണമെന്നാണ് പത്മജാ വേണുഗോപാലിന്റെ ആഗ്രഹമെന്നത് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കു പോലും മനസ്സിലാകും. പക്ഷെ, അവരുടെ കൂര്‍മ്മ ബുദ്ധിയില്‍ മറ്റൊന്നുകൂടി തെളിയുന്നുണ്ട്. വയനാട്ടില്‍ മുരളീധരന്റെ താമര ചിഹ്നത്തിലുള്ള പോരാട്ടം.

അത് സാധ്യമാകണമെങ്കില്‍ മുരളിയേട്ടന്‍ തന്നെ മനസ്സു വെയ്ക്കുകയും വേണം. പാര്‍ലമെന്ററി രാഷ്ട്രീയം തലയ്ക്കു പിടിച്ചിട്ടുണ്ടെങ്കില്‍ രാജ്യം ഭരിക്കുന്ന രാഷ്ട്രീയത്തോടൊപ്പം മുരളിയേട്ടന്‍ ചേര്‍ന്നു നില്‍ക്കില്ലെന്ന് ആരുകണ്ടു. കോണ്‍ഗ്രസ്സുകാരുടെ നന്ദിയില്ലായ്മയും ചവിട്ടുമേറ്റത് പത്മജയ്ക്കും, കെ. മുരളീധരനും മാത്രമല്ല. അച്ഛനായ ലീഡര്‍ കെ. കരുണാകരനും കൂടിയാണ്.

എത്രയോ തവണയാണ് കൂടെ നിന്നവരും, മാറി നിന്നവരും ചേര്‍ന്ന് അച്ഛനെയും മക്കളെയും ചവിച്ചി താഴെയിട്ടത്. അതെല്ലാം മുരളീധരന്‍ ഓര്‍ക്കുകയമെങ്കില്‍ വയനാട്ടില്‍ ചിലപ്പോള്‍ പ്രിയങ്കാഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി മുരളിയേട്ടന്‍ ആയിക്കൂടെന്നില്ല. ഈ ചിന്തയുടെ കനല്‍ കെടാതെ സൂക്ഷിക്കുകയാണ് മുരളീധരന്റെ സഹോദരി പത്മജ.