മലബാറുകാരുടെ ഇഷ്ടവിഭവമാണ് ഇറച്ചിപ്പത്തിരി. ഇനി ഇത് നമ്മുടെ വീട്ടിലും ഉണ്ടാക്കി നോക്കിയാലോ? രുചിയൂറും മലബാര്‍ ഇറച്ചി പത്തിരിയുടെ റസീപ്പി ഇതാ..
ആവശ്യമായ ചേരുവകകള്‍
ബീഫ്: എല്ലില്ലാത്തത് അര കിലോ സവാള : 2 പച്ചമുളക് : 4 എണ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിള്‍ സ്പൂണ്‍ വീതം മഞ്ഞള്‍ പൊടി : 1/2 ടി സ്പൂണ്‍ മുളക് പൊടി : 1 ടി സ്പൂണ്‍ ഗരം മസാല പൊടി : 1 ടി സ്പൂണ്‍ കുരുമുളക് പൊടി : 1/2 ടി സ്പൂണ്‍ മല്ലി ഇല അരിഞ്ഞത് : കുറച്ച് കറിവേപ്പില : 1 തണ്ട് വെളിച്ചെണ്ണ : 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് : പാകത്തിന് മൈദ : ഒന്നര കപ്പ് ഉപ്പ്: പാകത്തിനു വെള്ളം: ആവശ്യത്തിന് ഓയില്‍: ഫ്രൈ ചെയ്യാന്‍ മുട്ട : 2 പഞ്ചസാര : 2 ടേബിള്‍ സ്പൂണ്
ഉണ്ടാക്കുന്ന വിധം
ബീഫ് നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിച്ച് എടുക്കുക. ശേഷം മിക്‌സിയില്‍ ഇട്ട് ഒന്ന് കറക്കി എടുക്കുക. ബീഫ് വേവിക്കുമ്പോള്‍ വെള്ളം ചേര്‍ക്കേണ്ട ആവശ്യം ഇല്ല. വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക. ഒന്ന് മൂത്തു വരുമ്പോള്‍ സവാള, പച്ചമുളക് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക്പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിന്‍സ് ചെയ്തു വെച്ച ബീഫ് ചേര്‍ത്ത് യോജിപ്പിക്കുക.
മൈദയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. ചെറിയ ഉരുളകള്‍ ആക്കി പൂരിയുടെ വലുപ്പത്തില്‍ പരത്തുക. (ഈ അളവില്‍ 12 പൂരികള്‍ ഉണ്ടാക്കാം..അതായത് 6 ഇറച്ചി പത്തിരി ചെയ്യാം. ഞാന്‍ കുറച്ചു വലുപ്പത്തില്‍ ആണ് ഉണ്ടാക്കിയത്. ) ഒരു പൂരി എടുത്തു അതിന്റെ നടുവില്‍ കുറച്ചു ബീഫ് മസാല വെക്കുക. മുകളില്‍ ഒരു പൂരി കൂടി വെച്ച് അരുക് നന്നായി ഒട്ടിച്ച് മടക്കി എടുക്കുക ശേഷം ചൂടായ എണ്ണയില്‍ ഇട്ട് വറുത്തെടുക്കുക. ഒരു പാത്രത്തില്‍ 2 മുട്ടയും, പഞ്ചസാരയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഒരു നോണ്‍സ്റ്റിക്കിന്റെ തവയില്‍ 1 ടീ സ്പൂണ് നെയ്യ് അല്ലെങ്കില്‍ എണ്ണ ഒഴിക്കുക. വറുത്തു വെച്ചിരിക്കുന്ന ഓരോ ഇറച്ചി പത്തിരി മുട്ടയില്‍ മുക്കി ഒന്നുകൂടി തവയില്‍ ഇട്ട് വാട്ടി എടുക്കുക.