കൊച്ചി: സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഹർജി കോടതിയുടെ പരിഗണനയിൽ എത്തിയാൽ എതിർകക്ഷികൾക്ക് കാര്യങ്ങൾ ബോധിപ്പിക്കാൻ അവസരം നൽകാൻ വേണ്ടിയാണ് നോട്ടീസ് നൽകുന്നത്. ഇനി മുഖ്യമന്ത്രിക്കും വീണയ്ക്കും പറയാനുള്ളത് കോടതി കേൾക്കും. അതിനുശേഷമായിരിക്കും വിഷയത്തിൽ അന്തിമ വിധിയുണ്ടാകുക.
സ്വാഭാവിക നടപടിയാണെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു. ‘ഇതൊരു സ്വാഭാവിക നടപടിയാണ്. കീഴ്‌ക്കോടതി വിധിയിലെ നിയമപരമായ പിശകുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. എനിക്ക് ഉത്തമ ബോദ്ധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതും, കോടതിയിൽ സമർപ്പിച്ചിട്ടുള്ളതും. എനിക്ക് ആത്മവിശ്വാസമുണ്ട്. തുടർനടപടികൾക്കായി കാത്തിരിക്കുന്നു.’- മാത്യു കുഴൽനാടൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരന്‍ പരാജയപ്പെട്ടുവെന്നുമായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് വിജിലന്‍സ് കോടതിയുടെ വിധിയില്‍ പ്രസ്താവിച്ചത്. ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു. മാത്യു കുഴല്‍നാടന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമായ ആരോപണം എന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. വിജിലന്‍സ് കോടതിയുടെ ഈ നിരീക്ഷണം പുനഃപരിശോധിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.