കരിക്ക് ആരോഗ്യ ഗുണങ്ങളുടെ കലവറയാണെന്ന് പറയാറുണ്ട്. മായം കലരാത്ത ഭക്ഷണ പാനീയം ആയതുകൊണ്ട് കരിക്കിന് നല്ല ഡിമാൻഡ് ആണ്. ഇത് വെച്ച് കിടിലനൊരു പുഡ്ഡിംഗ് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- വെള്ളം – ഒരു കപ്പ്
- കരിക്കിൻ വെള്ളം- ഒന്നര കപ്പ്
- കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ
- കണ്ടൻസ്ഡ് മിൽക്ക് ടിന്നിന് അളന്ന പാൽ – രണ്ടര ടിൻ
- പഞ്ചസാര – അഞ്ച് വലിയ സ്പൂൺ
- കരിക്ക് തീരെ കനം കുറഞ്ഞു അരിഞ്ഞത് – ഒരു കപ്പ്
- ചൈനാഗ്രാസ്-10 ഗ്രാം
തയ്യാറാക്കുന്ന വിധം
ചൈനാഗ്രാസ് ചെറിയ കഷണങ്ങളാക്കുക. അതിനുശേഷം കഴുകി ഒരു കപ്പ് വെള്ളമൊഴിച്ച് ഉരുക്കുക. അടുപ്പിൽ നിന്നു വാങ്ങി ആറാൻ വയ്ക്കുക. ആറുമ്പോൾ ഇതിൽ കരിക്കിൻ വെള്ളം ചേർക്കുക. കണ്ടൻസ്ഡ് മിൽക്കും പാലും പഞ്ചസാരയും സംയോജിപ്പിച്ച് അടുപ്പിൽ വച്ച് കുറച്ചുസമയം തുടരെ ഇളക്കുക. ഈ മിശ്രിതത്തിന്റെയും ഉരുകിയ ചൈനാഗ്രാസിന്റെയും ചൂട് ഒരുപോലെ ആകുമ്പോൾ അവ രണ്ടും കൂടി യോജിപ്പിക്കുക. ഇത് രണ്ടു മിനിറ്റ് ചൂടാക്കിയിട്ട് ഒരു ഗ്ലാസ് ഡിഷിലേക്ക് അരിച്ച് ഒഴിക്കുക. ചൂട് ആറിയതിന് ശേഷം ഫ്രിഡ്ജിൽ എടുത്തുവയ്ക്കുക ഈ ചേരുവ ഉറയ്ക്കും മുൻപേ കരിക്കിൻ കഷ്ണങ്ങൾ വിതറുക. പുഡ്ഡിങ് അലങ്കരിക്കുവാൻ വേണ്ടി ചുവടുകട്ടിയുള്ള ഒരു ചീനച്ചട്ടിയിൽ ചെറുതായി അരിഞ്ഞ തേങ്ങ കഷ്ണങ്ങൾ, കശുവണ്ടി നുറുക്ക്, വെളുത്ത എള്ള്, അൽപം പഞ്ചസാര എന്നിവ ചെറുതീയിൽ നെയ്യിൽ വഴറ്റുക. ഇനി വിളമ്പുന്നതിന് തൊട്ടുമുമ്പ് മാത്രമേ ഇവ അതിൽ തൂകുക.