Entertainment

എനിക്ക് രാഷ്ട്രീയമുണ്ട്; അത് സാമൂഹ്യനീതിയും മനുഷ്യത്വവുമാണ്!!

അനാർക്കലിയും അയ്യപ്പൻ കോശിയും എന്ന് പറയുമ്പോൾ തന്നെ ആദ്യം ഓർമ്മയിൽ വരുന്ന ഒരു പേരാണ് സച്ചി. ചോക്‌ലേറ്റ് എന്ന സിനിമയിൽ തുടങ്ങിയ ജീവിതം. ആരായിരുന്നു സച്ചി.? എനിക്ക് രാഷ്ട്രീയമുണ്ട് – അത് സാമൂഹ്യനീതിയും മനുഷ്യത്വവുമാണ്” തന്റെ ഓരോ ഫ്രെയിമിലും തന്റേതായ നിലപാടുകളും രാഷ്ട്രീയം വിളിച്ചോത്തിയിരുന്ന ഒരു മനുഷ്യൻ.

മലയാള സിനിമ അന്നുവരെ കടന്നു പോകാത്ത വഴികളിലൂടെ സഞ്ചരിച്ച് ഒരു ക്ലാസ് സിനിമ ചെയ്ത്, പറയാനേറെ ബാക്കിവച്ച് പെട്ടെന്ന് മടങ്ങുകയായിരുന്നു അദ്ദേഹം. അയ്യപ്പനും കോശിയും ഒരുക്കിയതിന് മികച്ച സംവിധായനകായി രാജ്യം ആദരിക്കുമ്പോൾ, ജീവിതത്തിൻ്റെ ഫ്രെയിമിൽ നിന്ന് സച്ചിയെ മരണം കൂട്ടിക്കൊണ്ടു പോയിരുന്നു.

തന്റെ രാഷ്ട്രീയം കൃത്യമായി അയാൾ പറഞ്ഞു വച്ചിരുന്നു. താൻ എടുത്ത സിനിമയിലെ ഒരു പാട്ടിൽ പോലും അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കിയിരുന്നു.എനിക്ക് രാഷ്ട്രീയമുണ്ട് – അത് സാമൂഹ്യനീതിയും മനുഷ്യത്വവുമാണ്. അതിനെ ഏതെങ്കിലും രാഷ്ട്രീയത്തിൻ്റേയോ സംഘടനയുടെയോ മൂടുപടമണിയിക്കാൻ താത്പര്യമില്ല’- സച്ചിയുടെ നിലപാട് അതായിരുന്നു. ആ നിലപാടിൻ്റെ ജ്വാല അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിൽ കാണാം. നഞ്ചിഅമ്മയുടെ പാട്ടിൽ കേൾക്കാം.

സച്ചി തൻ്റെ രാഷ്‌ട്രീയം പറഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പ്രതിഷേധത്തിൻ്റെ പ്രതിനിധികളാണ് ചിത്രത്തിലെ അയ്യപ്പൻനായരും ഭാര്യ കണ്ണമ്മയും. നായന്മാരുടെ പറമ്പിലെ ജോലിക്കാരിയായ അമ്മയുടെ പ്രതിഷേധമായിരുന്നു അയ്യപ്പനൊപ്പം നായർ എന്ന വാൽ. മേലാളന്മാരും അധികാര വർഗ്ഗവും ചേർന്ന് ഭീകരവാദി ആക്കിയ ആദിവാസിപ്പെണ്ണിനെ താലി കെട്ടിയ മനുഷ്യൻ. ഇതാണ് സച്ചി എന്ന പച്ചയായ. മനുഷ്യൻ.

സേതുവുമായി ചേർന്ന് എഴുതിയ ‘ചോക്ലേറ്റ് ആണ് ആദ്യ സിനിമ. തുടർന്ന് ‘റോബിൻഹുഡ്’, ‘മേക്കപ്പ്മാൻ’, ‘സീനിയേഴ്സ്’,‘ഡബിൾസ്’ എന്നീ സിനിമകള്‍ ഈ കൂട്ടുകെട്ടിൽ തിരക്കഥയായി. ജോഷി സംവിധാനം ചെയ്ത ‘റൺ ബേബി റൺ’ ആണ് സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥ. ‘ചേട്ടായീസ്’, ‘അനാർക്കലി’, ‘രാമലീല’, ‘ഷെർലക് ടോംസ്’ എന്നിവയാണു മറ്റു തിരക്കഥകൾ. 2020 ജൂൺ 18 ന് ഹൃദയാഘാതത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സച്ചിയുടെ അന്ത്യം സംഭവിക്കുന്നത്. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ​ഗംഭീര വിജയത്തിന് പിന്നാലെയായിരുന്നു സച്ചിയുടെ ആകസ്മിക മരണം.2015 ൽ ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് സച്ചി സംവിധാനരം​ഗത്തേക്ക് കടന്നുവരുന്നത്. പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും കൊടുമുടിയിൽ നിൽക്കവേയാണ് ഹൃദയാഘാതം സച്ചിയെ കാണാമറയത്തേക്കു കൊണ്ടുപോയത്. 48 വയസ്സായിരുന്നു. ഇന്ന് സച്ചി ഓര്‍മയായിട്ട് നാല് വര്‍ഷം.

 

എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ പുതുക്കിയെടുത്ത പുതുതലമുറക്കാരിൽ ആദ്യ പേരുകളിലൊരാളാണ് സച്ചി. 2020 ജൂൺ 18 ന് ഹൃദയാഘാതത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സച്ചിയുടെ അന്ത്യം സംഭവിക്കുന്നത്.

 

അയാൾക്ക് ഇനിയും പറയാൻ ഏറെ ഉണ്ടായിരുന്നു, എഴുതുവാനും. ഓരോ സിനിമ പ്രേമികളുടെ മുന്നിലേക്കും തന്റെ രാഷ്ട്രീയം തന്റെ നിലപാടുകളും സിനിമ എന്ന മാധ്യമത്തിലൂടെ അയാൾ വ്യക്തമാക്കിയിരുന്നു. ഇന്നും അദ്ദേഹം നമുക്കിടയിൽ ഒരാളായി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയവും നിലപാടുകളും സമൂഹത്തിൽ അടിച്ചമർത്തുന്നവരുടെ ശബ്ദമായി ഉച്ചത്തിൽ മേലാളന്മാർക്കെതിരെ സിനിമയിലൂടെയും അതിലൂടെ വരുന്ന കഥാപാത്രങ്ങളിലൂടെയും സംഭാഷണത്തിലൂടെ ഇന്നും കലഹിച്ചുകൊണ്ടിരുന്നേനെ.