തിരുവനന്തപുരം: ജെ.ഡി.എസ് കേരള ഘടകം പുതിയ പാർട്ടി രൂപീകരിക്കുന്നു. കുമാരസ്വാമി കേന്ദ്രത്തിലെ എൻഡിഎ സർക്കാറിൽ മന്ത്രിയായതോടെയാണ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗമാണ് പുതിയ പാർട്ടിക്കും കൊടിക്കും ചിഹ്നത്തിനും രൂപം നൽകാൻ ധാരണയായത്.
ജെ.ഡി.എസ് എന്ന പേര് ഉപേക്ഷിക്കുമെന്നും എന്നാല്‍ പുതിയ പാർട്ടിയുടെ പേരിൽ ജനതാദള്‍ എന്ന് ഉണ്ടാകുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മാത്യു ടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിപ്പ് ഭീഷണി ഒഴിവാക്കാൻ എംഎൽഎമാരായ കെ കൃഷ്ണൻ കുട്ടിയും മാത്യു ടി തോമസും പുതിയ പാർട്ടിയിൽ ഭാരവാഹികളാകില്ല.
”പ്രതീക്ഷിച്ച നേട്ടം തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ദേശീയ നേതൃത്വത്തിന് ഒപ്പമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ബിജെപി യോടൊപ്പം നിൽക്കുന്ന പാർട്ടിയുടെ ഘടകമായി കേരള ഘടകം നിൽക്കാൻ ആഗ്രഹിക്കുന്നില്ല. മറ്റേതെങ്കിലും പാർട്ടിയുമായി ലയിക്കുന്ന കാര്യം ഇപ്പോൾ പരിഗണിച്ചില്ല. കർണാടക ഘടകവും കേരള ഘടകവുമായി ഒരാശയവിനിമയവും ഇല്ല. ആർ.ജെ.ഡി യുമായി ലയിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ജെഡിഎസ് ദേശീയ ഘടകം എൻഡിഎ കക്ഷിയായിട്ട് പത്ത് മാസം പിന്നിട്ടിട്ടും കേരള ഘടകം വ്യക്തമായ നിലപാട് എടുക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു. ഒടുവിൽ നിലപാടെമെടുക്കാൻ സിപിഎം അന്ത്യശാസനം നൽകിയതോടെയാണ് പാർട്ടിയുണ്ടാക്കാനുള്ള തീരുമാനം.
ഒരേസമയം, കേന്ദ്രത്തിൽ ബിജെപിക്കൊപ്പവും കേരളത്തിൽ ഇടതുമുന്നണിക്കൊപ്പവും ജെഡിഎസ് തുടരുന്നതിനെ കോൺഗ്രസും ആർജെഡിയും വിമർശിച്ചിരുന്നു. വിഷയത്തിൽ ജെഡിഎസ് ഉടൻ തീരുമാനമെടുക്കണമെന്ന് സിപിഎം നിർദേശിക്കുകയും ചെയ്തിരുന്നു.