ചുമലിൽ ചുറ്റിയ സാരിത്തുണിക്കുള്ളിൽ കുട്ടിയെ പൊതിഞ്ഞിരുത്തി, കയ്യിലൊരു കാട്ടു കമ്പും വാക്കത്തിയും പിടിച്ച് കാടിനുള്ളിലെ പാതകളിലൂടെ അതിവേഗം നടക്കുന്ന സ്ത്രീകൾ, മൂന്നാറിന്റെ തേയില കാടുകളിൽ ഇവർക്കറിയാത്ത ഇട വഴികളില്ല. കൊളുന്ത് നുള്ളാൻ വരുന്ന ഈ മനുഷ്യർക്ക് മണ്ണിന്റെ മണമാണ്. വിയർപ്പും പൊടിയും കൊണ്ട് ഒട്ടിപിടിച്ച എണ്ണ നിറമുള്ള മനുഷ്യർ.
കാടിനോടും മണ്ണിനോടും തോൽക്കാത്ത കരളുറപ്പുമായി പുരുഷൻമാർ. കുടികളിൽ നിന്നു കുടികളിലേക്കുള്ള യാത്രയിൽ അവർക്കു വിശ്രമമില്ല. ഒരു നേരത്തെ വിശപ്പടക്കാനുള്ള ഓട്ടത്തിലാണവർ.
ഇടുക്കിയിലെ ഒരു കുടി. ഒരുപാട് ജനത്തിരക്കോ സഞ്ചാരികളോ വരാത്ത ഒരിടം. പക്ഷേ ഇത് കാടിനുള്ളിലെ ഒരു നാട് എന്ന് തന്നെ വേണമെങ്കിൽ പറയാം. ഇവിടത്തെ ആചാരങ്ങളും ജനങ്ങളും തന്നെയാണ് ഈ നാടിന്റെ പ്രത്യേകത.
ടൂറിസ്റ്റുകൾക്കോ സാധാരണ ജനങ്ങൾക്കോ പ്രവേശനമില്ലാത്ത കർശന നിയന്ത്രണങ്ങളുള്ള ആദിവാസി വിഭാഗമായ മുതുവാന്മാർ മാത്രമുള്ള കേരളത്തിലെ ഏക പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഈ ഇടമലക്കുടി. പൂർണമായും വനത്താൽ ചുറ്റപ്പെട്ടു റോഡ്, കരണ്ട്, ഫോൺ, മൊബൈൽ സൗകര്യങ്ങളില്ലാതെയുള്ള 20 km വനത്തിനുള്ളിലുള്ള ഒരു സ്ഥലം.
കാട്ടാനകളും കരടിയും കാട്ടുപോത്തുകളും വിഹരിക്കുന്ന പാതകളാണ് ഇപ്പോഴും ഇടമലക്കുടിയിലേത്. രോഗം ബാധിച്ചാൽ കാട്ടുവള്ളികളിൽതീർത്ത മഞ്ചലിൽ കിലോമീറ്ററുകൾ അകലെയുള്ള പുറം ലോകത്തെ ആശുപത്രിയിലേക്കു ചുമന്നെത്തിക്കേണ്ട സ്ഥിതി ഇന്നും തുടരുന്നു. കണ്ണീരിൻ്റെ നനവുമാത്രമുള്ള ഇവിടെ രോഗങ്ങൾക്കും ദാരിദ്ര്യത്തിനും മാത്രം ഒരു നാളും പഞ്ഞമില്ല. വളർച്ചയില്ലാതെ പഞ്ചായത്ത് ഇടമലക്കുടി പഞ്ചായത്ത് 2010 നവംബർ ഒന്നിനാണു നിലവിൽ വന്നത്. 106 ചതുരശ്ര കിലോമീറ്റർ ആണ് വിസ്‌തൃതി.
കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി. 2010 നവംബർ 1 നാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്. ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും 32 കിലോമീറ്റർ വടക്ക്ഭാഗത്തായി ഘോരവനത്തിലാണ് ഈ ഗിരിവർഗമേഖല സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത് രൂപീകൃതമാകുന്നതിനുമുന്പ് ഈ പ്രദേശം മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ 13-ആം വാർഡായിരുന്നു.മൂന്നാറിൽനിന്നും ഇരവികുളം ദേശീയപാർക്കിലൂടെ പെട്ടിമുടിവഴി ഇടമലക്കുടി പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലേക്ക് ജീപ്പുറോഡ് നിലവിലുണ്ട്. പെട്ടിമുടിക്കുസമീപമുള്ള പുല്ലുമേട് നിന്നും ഇഡ്ഡലിപ്പാറക്കുടിവരെയുള്ള കോൺക്രീറ്റ് റോഡിൻറെ പണികൾ നടന്നുവരികയാണ്.കുടിനിവാസികൾ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ കാൽനടയായാണ് ഇപ്പോഴും പെട്ടിമുടിക്ക് യാത്രചെയ്യുന്നത്.നിബിഢവനത്തിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നതെന്നതിനാൽ യാത്രക്കിടയിൽ വന്യമൃഗങ്ങളെ വഴിയിൽ കാണുന്നതിനുള്ള സാധ്യതയുണ്ട്. മൂന്നാർ വനം ഡിവിഷന്റെ കീഴിൽവരുന്ന ആനമുടി വനം റിസർവ്വ്,ഇടമലയാർ വനം റിസർവ്വ്, മാങ്കുളം വനം ഡിവിഷൻ എന്നീ വനമേഖലകളിലായിട്ടാണ് ഇടമലക്കുടി പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം,ഗവ.ട്രൈബൽ എൽ.പി.സ്‌കൂൾ, ഫോറസ്റ്റ് ഓഫീസ് എന്നീസർക്കാർ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ദേശീയപാർക്കിലൂടെയും സംരക്ഷിത വനമേഖലയിലൂടെയും യാത്രചെയ്യേണ്ടതുള്ളതിനാൽ പൊതുജനങ്ങൾക്ക് അനുമതിയില്ലാതെ ഇടമലക്കുടിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.