ആലപ്പുഴ: മുൻ മന്ത്രി ജി.സുധാകരനെതിരെ സിപിഎം നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ എച്ച്. സലാം രംഗത്ത്.തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ തിരിച്ചടി ഉണ്ടാകുന്നത് ഇതാദ്യമല്ല. ഗൗരിയമ്മ പോകാനുള്ള മൂലകാരണം ആരെന്ന് ആലപ്പുഴയിലെ ജനങ്ങള്‍ക്കറിയാം. ജി.സുധാകരന്റെ മോദി പ്രശംസ അത്ഭുതകരമെന്നും എച്ച്. സലാം എംഎല്‍എ പ്രതികരിച്ചു.
‘ആലപ്പുഴ ജില്ലയിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതമുണ്ടായത് ഗൗരിയമ്മ പാർട്ടി വിട്ടപ്പോഴാണ്. അതിനെ ആലപ്പുഴയിലെ പാർട്ടി അതിജീവിച്ചു. പഴയകാര്യം ആയതുകൊണ്ട് അതെല്ലാം ആളുകൾ മറന്നിട്ടുണ്ടാകും എന്നുവിചാരിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പാർട്ടിക്ക് ആലപ്പുഴ ജില്ലയിലും സംസ്ഥാനത്തും നല്ല സംഭാവന നൽകിയ ആളാണ് ജി. സുധാകരൻ. എല്ലാവരും ബഹുമാനിക്കുന്ന മുതിർന്ന നേതാവുമാണ്. പക്ഷെ എന്തുകൊണ്ടോ കഴിഞ്ഞ കുറച്ച് കാലമായി പാർട്ടി മെമ്പർഷിപ്പുള്ള ഒരാൾ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പരസ്യമായി പറയുന്നു. എന്തുകൊണ്ട് അദ്ദേഹം ഇത്തരത്തിൽ പറയുന്നു എന്നത് ഒരു ചോദ്യമാണ്. സുധാകരനെ പരിഗണിച്ചപോലെ ഗൗരിയമ്മയെ പോലും പാർട്ടി പരിഗണിച്ചിട്ടില്ല. ഏഴ് തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു. കൂടാതെ മറ്റു പാർട്ടി ചുമതലകളും വഹിച്ചു’, സലാം കൂട്ടിച്ചേർത്തു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇടതു തോല്‍വിക്ക് പിന്നാലെ ജി സുധാകരന്‍ ഒരു സ്വകാര്യ വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് ഇപ്പോഴത്തെ നേതാക്കളെ ചൊടിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പാര്‍ട്ടി കോട്ടകളില്‍ പോലും വോട്ട് ചോര്‍ന്നുവെന്നും പുന്നപ്രയിലെ തന്റെ ബൂത്തില്‍ പോലും ഇടതു സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത് പോയി എന്നുമായിരുന്നു സിപിഐഎം നേതൃത്വത്തിനെതിരായ ജി സുധാകരന്റെ പരാമര്‍ശം.
മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപി മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുധാകരന് സീറ്റ് ലഭിച്ചിരുന്നില്ല. പ്രായപരിധി മാനദണ്ഡം പാലിച്ചതിനാൽ സംസ്ഥാനസമിതിയിൽ ഇടം കിട്ടിയതുമില്ല. ഇതിനുശേഷം പാർട്ടിക്കെതിരെ പലതവണ സുധാകരൻ രംഗത്തെത്തിയിരുന്നു.