ഉറുമ്പുകളെ തിന്ന് പരിസരത്തെവിടെയോ മറഞ്ഞിരിക്കുന്ന കരടികൂട്ടത്തിന്റെ വാസ സ്ഥലം.കരടി മാത്രമല്ല, വന്യജീവികളുടെ വിഹാര കേന്ദ്രം എന്ന് തന്നെ പറയാം.ട്രാക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് പാണ്ടിപ്പത്ത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന
പാണ്ടിപ്പത്ത് തിരുവനന്തപുരത്തു നിന്നും ഏകദേശം 70 കിലോമീറ്റർ മാറി , പേപ്പാറ വന്യജീവി സങ്കേതത്തിലെ
കുന്നും മലകളും താണ്ടി , വിശാലമായ പുൽമേടുകൾക്ക് നടുവിൽ ,വന്യജീവികളുടെ വിഹാര കേന്ദ്രത്തിൽ പ്രകൃതിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
കാടിനെ സ്നേഹിക്കുന്നവർക്ക് മാത്രം …വിവിധ ലഹരികളിൽ അർമാദിക്കുന്ന മാനുഷർക്ക് മറ്റ് സ്ഥലങ്ങൾ തേടുന്നതായിരിക്കും ഉചിതം.തിരുവനന്തപുരം വന്യജീവി സങ്കേതത്തിന്റെ പേപ്പാറ റെയിഞ്ചിലെ കാണിത്തടം ചെക്ക് പോസ്റ്റ് ആണ് ഇതിന്റെ പ്രവേശന കവാടം ….ഇത് വിതുര-ബോണക്കാട് റോഡിൽ ആണ്… ഇവിടെ തന്നെ ആണ് സഹ്യന്റെ സ്വർഗ്ഗങ്ങളായ അഗസ്ത്യാർ കൂടം, വാഴ്വാൻതോൽ, പാണ്ടിപ്പത്ത്, കറിച്ചട്ടി മൊട്ട എന്നീ പ്രകൃതി ഷോകേസുകളുടെ സ്വർഗ്ഗീയ വാതിൽ…..അവിടെ നിന്നും പ്രത്യേക അനുമതിയോട് കൂടി മാത്രമേ ഈ സ്ഥലങ്ങളിലേയ്ക്ക് പ്രവേശനമുള്ളൂ….
സുന്ദരമായ നീണ്ട വനപ്രദേശത്തീലൂടെയുള്ള യാത്ര…. ഒരു തുറന്ന ക്ഷേത്രവും കടന്ന് (ആനകൾ നിരന്തരം പൊളിച്ച് മറിക്കുന്നതിനാൽ വിഗ്രഹങ്ങൾക്ക് സ്ഥാനമില്ല എന്നത് ഭാഗ്യം) ചെറു വെള്ളച്ചാട്ടങ്ങളും കടന്ന്… നിരവധി ലയങ്ങളുടെ ഒരു സുന്ദര ഗ്രാമം.. ബോണക്കാട് …പഴയ ബ്രിട്ടീഷ് എസ്റ്റേറ്റ് മാനേജർമാർ മഹാരാജാക്കാന്മാർ പോലെ വിഹരിച്ച സ്ഥലം ….അടിമകളെ പ്പോലെ ജോലി ചെയ്തവർ വസിച്ച ലയങ്ങൾ…ഇന്നും അവശേഷിക്കുന്ന ഒരുകൂട്ടം ആൾക്കാർ…. അതും കടന്ന് വീണ്ടും മുകളിലേയ്ക്ക്…. ബുള്ളറ്റിൽ ഒരു ഓഫ് റോഡ് യാത്ര…സൂപ്പർ…പ്രേത ബംഗ്ലാവും കടന്ന് പിന്നെയും …. ലയങ്ങളിലെ ജീവിതങ്ങൾ പൊരി വെയിലിലും അവരുടെ ഊർജ്ജ സ്വാതസ്റ്റ്രായ കാട്ടു കമ്പുകൾ ചുമക്കുന്ന കാഴ്ച, സ്വതന്ത്രരായ കന്നുകാലികൾ…അതൊക്കെ കടന്ന് ഏറ്റവും മുകളിലേയ്ക്ക്… വാഹനത്തിൽ എത്താവുന്ന പരമാവധി ഉയരം.
ഏറ്റവും ദുർ:ഘടമായ കയറ്റം… ഒരു 90 ഡിഗ്രി കയറ്റം…നിറയെ കരിങ്കല്ലു കൊണ്ടുള്ള പടികൾ…നീളത്തിൽ വളഞ്ഞ് കയറാവുന്ന വഴികൾ ഉണ്ടെങ്കിലും അവയൊക്കെ കാടു മൂടിയിരിക്കുന്നു… പണ്ട് രാജാക്കന്മാർ കുതിര സവാരി ചെയ്ത് പാണ്ടിയിലെ ..പാപനാശത്തിലും താമ്രപർണി നദിക്കരയിലെ അംബാസമുദ്രത്തിലുമൊക്കെ പോകുമായിരുന്നു പോലും …ആ വഴിത്താരയിലൂടെ.. എന്തായാലും ഇപ്പോൾ അതിലേ പോകാൻ നിവർത്തിയില്ല … ആ പടിക്കെട്ടിലൂടെയുള്ള കയറ്റം ഭയങ്കരമാണ്… പൊരി വെയിലിൽ ഒരു ദയവുമില്ലാത്ത കയറ്റം… നമ്മുടെ ശാരീരിക ശേഷി അതിൽ അളക്കാം… ഇതൊക്കെ പറയുന്നെങ്കിലും, ഒരു ഇരുന്നൂറ്… പടിക്കെട്ട് അത്രയേ ഉണ്ടാവൂ…..അത് കഴിഞ്ഞാൽ പതുക്കെ എല്ലാവർക്കും നടന്ന് കയറാവുന്ന പാത……..മഴക്കാലത്ത് ഈ പാതകളിലൊക്കെ അസംഖ്യം അട്ടകളാണ്…ഉറുമ്പുകൾ പോലെ അട്ടകൾ… ഒരു അട്ട സമുദ്രം തന്നെയായിരിക്കും മഴക്കാലത്ത് അവിടമാകെ…. 97 മുതൽ 2024 വരെയുള്ള ഈ കാലയളവിൽ ഒരു മുപ്പത് വട്ടമെങ്കിലും ഞാനീ കുന്നുകൾ കയറിയിറങ്ങിയിട്ടുണ്ടാവും… അത്രയും പ്രീയങ്കരമാണ് എനിക്ക് ഈ ഇടങ്ങൾ… ചെറിയ ചുരങ്ങൾ പോലുള്ള ഒറ്റയടി പാതകളിലെല്ലായിടത്തും മുകളിലേയ്ക്ക് കയറാവുന്ന കുത്തനെയുള്ള കയറ്റങ്ങളോട് കൂടിയ കുറുക്ക് വഴികളുണ്ടാവും…അതിലൂടെ കയറിയാൽ നമുക്ക് വളരെ പെട്ടെന്ന് ദൂരം താണ്ടാം… തുടക്കത്തിൽ പാതയോരത്ത് കാണുന്ന ഗർത്തം, വർഷങ്ങൾ പഴക്കമുള്ള വൈഡൂര്യ ഖനനത്തിന്റെ അവശിഷ്ടമാണ്. കരമന ആറിന്റെ തുടക്കം…. പാണ്ടിപ്പത്തിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ചെമ്മുഞ്ചി മൊട്ടയിൽ നിന്നും ആണ് വാമനപുരം നദിയും കരമന ആറും ഉത്ഭവിക്കുന്നത്….. കൂടാതെ തമിഴ്നാട്ടിലെ താമ്രപർണി നദിയുടെ പ്രധാന പോക്ഷക നദിയായ പേയാറിന്റെ തുടക്കവും ഇവിടെ നിന്നാണ്..ഷോലക്കാട് അപൂർവ സസ്യ ജന്തു വൈവിധ്യങ്ങളുടെ കലവറ ആണ്, കടുവ, ആന, കാട്ടു പോത്ത്, പുലി, കരടി, കാട്ട് പട്ടി, രാജവെമ്പാല, നിരവധി പക്ഷികൾ, ചിത്ര ശലഭങ്ങൾ തുടങ്ങി എല്ലാ ഇനം സസ്യ ജന്തു ജാലങ്ങളുടെയും ആവാസ വ്യവസ്ഥയാണ്. ഷോലകൾ കഴിഞ്ഞാൽ പന്നെ വിശാലമായി നീണ്ട് കിടക്കുന്ന പുൽമേടുകളാണ്…ഇത് താണ്ടി എത്തുന്നത് ഒരു വ്യൂ പോയിന്റിലാണ്. അവിടെ നിന്നും താഴേക്ക് നോക്കിയാൽ കേറി വന്ന പടികൾ കാണാം. അത്രയും ദൂരം കേറി വന്നോ എന്നൊരു സംശയം ഉറപ്പായും ഉണ്ടാകും. അത് കാര്യമാക്കണ്ട ജീവിതത്തിൽ നിന്ന് ഒന്ന് പുറകോട്ട് നോക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.