അടുത്ത കാലത്ത് ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് വർഷങ്ങൾക്കുശേഷം. ചിത്രത്തിൽ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പ്രണവ് മോഹൻലാലായിരുന്നു. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത സിനിമ പക്ഷെ ഒടിടിയിൽ റിലീസ് ചെയ്തശേഷം വലിയ രീതിയിലുള്ള വിമർശനമാണ് നേരിടുന്നത്. ക്രിഞ്ചിന്റേയും ക്ലീഷെയുടേയും കുത്തൊഴുക്കാണ് വർഷങ്ങൾക്കുശേഷമെന്നാണ് സിനിമയെ കുറിച്ച് സോഷ്യൽമീഡിയയിൽ നിറയുന്ന ഏറെയും കമന്റുകൾ.
സെക്കന്റ് ഹാഫിൽ വൃദ്ധന്മാരുടെ മേക്കപ്പിൽ എത്തിയ പ്രണവിന് വലിയ രീതിയുള്ള വിമർശനവും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയ്ക്ക് സോഷ്യൽമീഡിയയിൽ ലഭിക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. പ്രണവിന്റെ വയസായുള്ള മേക്കപ്പ് വർക്കാവുമോ എന്നതിൽ താനും അജുവും സംശയം പറഞ്ഞിരുന്നുവെന്നാണ് ധ്യാൻ ജിഞ്ചർ പുതിയ അഭിമുഖത്തിൽ പറഞ്ഞത്.
സെക്കന്റ് ഹാഫിൽ തന്റെ അച്ഛൻ ശ്രീനിവാസനേയും നടൻ മോഹൻലാലിനേയും അഭിനയിപ്പിക്കാൻ പ്ലാനുണ്ടായിരുന്നുവെന്നും അച്ഛന് അസുഖം വന്നതിനാലാണ് ആ പ്ലാൻ മാറ്റിയതെന്നും ധ്യാൻ വ്യക്തമാക്കി. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ഷൂട്ടിങ് സമയത്ത് തന്നെ ചില പോഷൻസ് ക്രിഞ്ച് അല്ലേ ക്ലീഷേയല്ലേയെന്നുള്ള സംസാരം ഞങ്ങൾക്കിടയിൽ തന്നെ വന്നിരുന്നു. ആ ഭാഗങ്ങൾ ക്രിഞ്ച് തന്നെയാണ്.
ഡ്രൈവറായി മറ്റൊരാളെ വെയ്ക്കൂവെന്ന് ഏട്ടനോട് എഴുതിയപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു. ഏട്ടൻ മാറ്റാമെന്നും പറഞ്ഞിരുന്നതാണ്. പക്ഷെ വിശാഖിന്റെ നിർബന്ധമായിരുന്നു ഞാനും ഏട്ടനും പ്രണവുമുള്ള കോമ്പോ വേണമെന്നത്. അതുപോലെ തന്നെയാണ് പ്രണവിന്റെ മേക്കപ്പും. ആ സിനിമയിൽ വർക്ക് ചെയ്ത അജു ഉൾപ്പടെ പലരും പ്രണവിന്റെ മേക്കപ്പ് ഓക്കെയാണോയെന്ന സംശയം പ്രകടിപ്പിച്ചിരുന്നു.
അതേസമയം ചിലർക്ക് ആ മേക്കപ്പ് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. പിന്നെ ഏട്ടനും ആ മേക്കപ്പ് കൺവിൻസിങായിരുന്നു. അച്ഛനും ലാലങ്കിളുമാണ് സെക്കന്റ് ഹാഫിൽ അഭിനയിക്കാൻ ഇരുന്നത്. ആദ്യത്തെ പ്ലാൻ അങ്ങനെയായിരുന്നു. ലാൽ അങ്കിൾ ഡേറ്റും തന്നിരുന്നു. പക്ഷെ അച്ഛന് വയ്യാതായപ്പോൾ പ്ലാൻ മാറി. അതോടെ കഥയിലും ചില മാറ്റങ്ങൾ വരുത്തി. എന്നാലും ഫസ്റ്റ് ഹാഫിലുള്ള ക്ലീഷേയും ക്രിഞ്ചുമൊക്കെയുണ്ടായിരുന്നു.പതിവായി വിനീത് ശ്രീനിവാസൻ സിനിമകളിൽ കാണാറുള്ള ക്രിഞ്ചും ക്ലീഷെയുമുള്ള സിനിമ തന്നെയാണ് വർഷങ്ങൾക്കുശേഷം. അത് പുള്ളിയുടെ ഫോർമുല തന്നെയാണ്. ഹൃദയത്തിലും ക്ലീഷെയുണ്ട്. പക്ഷെ പുള്ളി മ്യൂസിക്കും മറ്റും വെച്ച് കണ്ണിൽ പൊടിയിട്ട് കൺവിൻസ് ചെയ്ത് എടുക്കുന്നതാണ്. ഒടിടിയിലും ടിവിയും ഡ്രാമ, ഇമോഷണൽ ഡ്രമയൊന്നും നമുക്ക് കണ്ടിരിക്കാൻ പറ്റില്ല.
റിപ്പീറ്റ് വാച്ചും പറ്റില്ല. നാച്വറലി ഈ സിനിമയ്ക്ക് ലാഗുണ്ട്. എനിക്ക് കിട്ടിയ തെറികൾ ഏറെയും നിന്റെ തള്ള് കേട്ടിട്ടല്ലേ ഞങ്ങൾ പോയത് എന്നാണ്. ഞാൻ സിനിമയെ കുറിച്ച് തള്ളിയിട്ടില്ല. ഏട്ടന് എഴുതിയത് ഏട്ടന് വേണമെന്നത് നിർബന്ധമായിരുന്നു. വിമർശനത്തെ സ്വീകരിച്ചേ പറ്റു. ന്യാഭഗം സോങ് എനിക്ക് ഇഷ്ടമാണ്. പക്ഷെ അത് റിപ്പീറ്റ് വന്നതുകൊണ്ടാണ് പലർക്കും അത് അരോചകമായി തോന്നിയത്.തിയേറ്ററിൽ കണ്ടപ്പോൾ എനിക്കും ബോറടിച്ചിരുന്നു എന്നാണ് ധ്യാൻ പറഞ്ഞത്. പ്രണവും ധ്യാനും വിനീതും ആദ്യമായി ഒന്നിച്ച സിനിമയാണ് വർഷങ്ങൾക്കുശേഷം ആദ്യമായി പ്രണവ് വിനീതിന്റെ സിനിമയിൽ നായകനായത് ഹൃദയത്തിലാണ്. ഒടിടി റിലീസിനുശേഷം ക്രിഞ്ചും ക്ലീഷെയുമാണെന്ന് പറഞ്ഞ് ഹൃദയത്തിനും വിമർശനം ലഭിച്ചിരുന്നു.