തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കുടിയായ യുവാവിനെതിരെ കേസെടുത്തത്. മുൻപ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്ന് അച്ഛൻ പറഞ്ഞു.
സംഭവത്തെപ്പറ്റി എഫ്ഐആറിൽ പറയുന്നത്: പെണ്‍കുട്ടിയും യുവാവും തമ്മില്‍ സ്‌നേഹബന്ധത്തിലായിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞു. എന്നാല്‍ ബിനോയിയുടെ വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പഠനത്തില്‍ ശ്രദ്ധിക്കാനും മാതാപിതാക്കള്‍ പറഞ്ഞു. രണ്ടു മാസം മുന്‍പ് പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ പിണങ്ങി. ഇതിന്റെ മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി, വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചു. അനിയന്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തിയാര്‍ജിച്ച പെണ്‍കുട്ടി സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു നേരിട്ടിരുന്നത്. കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് ഇതിലെ മനോവിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അതേസമയം സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്നാണ് ബിനോയിയുടെ മൊഴി. പെൺകുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചെന്നും മൊഴി നൽകിയിട്ടുണ്ട്.